തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അക്കാദമിക്, ഭരണ മികവുകള്‍ പരിഗണിച്ചായിരുന്നു നിയമനം. അത്തരം മാനദണ്ഡം മാത്രമേ ഇവിടെയും പരിഗണിച്ചുള്ളൂ. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കിയത് യാദൃച്ഛിക തീരുമാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ഗുരുവിന് ആദരം അര്‍പ്പിക്കണം എന്ന ആലോചനയെ തുടര്‍ന്നാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ഗുരുവിന്റെ പേര് നല്‍കിയത്. പ്രത്യേകിച്ച് ഗുരുവചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഇക്കാലത്ത്. എന്നാല്‍ തിരിച്ചറിയേണ്ട കാര്യമുണ്ട്. വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പരിഗണന നല്കിയ നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. എല്ലാവര്ക്കും വിദ്യാഭ്യാസം നല്‍കണമെന്ന ചിന്തയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.’ മുഖ്യമന്ത്രി പറഞ്ഞു.
അക്കാദമിക് വിദഗ്ധരും ആ മേഖലയിലെ വിദഗ്ധരുമാകും ആ സര്‍വകലാശാലയില്‍ നിയമിക്കപ്പെടുക. മറ്റെന്തെങ്കിലും കണ്ടുള്ള നിയമനമാകില്ല അവിടെ നടക്കുക. തെറ്റിദ്ധാരണ എവിടെയോ ഉണ്ടായെന്നാണ് തോന്നുന്നത്. മഹാനായ ഗുരുവിന്റെ പേര് നല്കിയപ്പോള് എല്ലാവരും അംഗീകരിച്ചു. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെ അതിനെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകലശാലാ തലപ്പത്ത് ഒരു ഈഴവ സമുദായാംഗത്തെ കൊണ്ടുവരാതെ സര്‍ക്കാര്‍ ശ്രീ നാരായണീയരുടെ കണ്ണില്‍കുത്തിയെന്നു വെള്ളാപ്പള്ളി നേരത്തെ വിമര്‍ശിച്ചിരുന്നു.
അധികാര കേന്ദ്രങ്ങളില്‍ നിന്ന് അധഃസ്ഥിതര്‍ മാറ്റി നിര്‍ത്തപ്പെടുകയാണ്. മലബാറില്‍ നിന്നുള്ള പ്രവാസിയെ പിവിസിയാക്കുന്ന ജലീലിന്റെ ചേതോവികാരം അറിയാം. ഇതു മനസ്സിലാക്കാന്‍ പാഴൂര്‍ പഠിപ്പുര വരെ പോകേണ്ടതില്ല. സര്‍വകലാശാലകളുടെ തലപ്പത്തെ നിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍വകലാശാലാ ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കിയെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു