BREAKINGKERALA

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമാകും; മുസ്ലീങ്ങള്‍ അന്യായമായി ഒന്നും നേടിയിട്ടില്ലെന്ന് മുസ്ലീം ജമാഅത്ത്

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി മുസ്ലീം ജമാഅത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന് മുസ്ലീം ജമാ അത്ത് പ്രസ്താവനയിലൂടെ വിമര്‍ശിച്ചു. കേരളത്തിലെ മുസ്ലീങ്ങള്‍ അന്യായമായി ഒന്നും നേടിയിട്ടില്ല. അര്‍ഹമായതുപോലും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മുസ്ലീം ജമാഅത്ത് ചൂണ്ടിക്കാട്ടി.
വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കേണ്ടതാണെന്ന് മുസ്ലീം ജമാഅത്ത് ഓര്‍മിപ്പിച്ചു. കേരളത്തിലെ മുസ്ലിംകള്‍ സര്‍ക്കാരില്‍ നിന്ന് അന്യായമായി ഒന്നും നേടിയിട്ടില്ല. അര്‍ഹമായത് തന്നെ സമുദായത്തിന് കിട്ടിയിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച രേഖയിലും ഇക്കാര്യം വ്യക്തമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലും ഇക്കാര്യമുണ്ട്. ഇതെല്ലാം പൊതുവിടത്തില്‍ ലഭ്യമാണ് എന്നിരിക്കെ തന്റെ വാദങ്ങള്‍ക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഉത്തരവാദിത്വ ബോധമുണ്ടെങ്കില്‍ വെള്ളാപ്പള്ളി നടേശനു ബാധ്യതയുണ്ടെന്നും മുസ്ലീം ജമാഅത്ത് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
സര്‍ക്കാരുകളോടും രാഷ്ട്രീയ കക്ഷികളോടും സംവാദാത്മകവും പ്രശ്നാധിഷ്ഠിതവുമായ സമീപനമാണ് സുന്നി പ്രസ്ഥാനത്തിന്റേതെന്ന് പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ നേടിയെടുക്കുകയല്ല പ്രസ്ഥാനത്തിന്റെ ശൈലി. സുന്നി സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഇന്നോളം ഒരു തുണ്ട് ഭൂമി പോലും സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. അതിന് വേണ്ടിയുള്ള ഒരാവശ്യവും സര്‍ക്കാരിന്റെ മുന്നില്‍ സുന്നികള്‍ വെച്ചിട്ടില്ല. ഈഴവ സമൂഹം ഉള്‍പ്പടെ ഇതര സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പല ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്. അതില്‍ ആക്ഷേപമുന്നയിക്കാനോ അതുപയോഗിച്ച് സാമുദായിക ധ്രുവീകരണത്തിനോ സുന്നികള്‍ ശ്രമിച്ചിട്ടില്ല. പിന്നാക്ക സമൂഹങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണം എന്നാണ് കേരള മുസ്ലിം ജമാഅത്തിന്റെ നിലപാടെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related Articles

Back to top button