തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മന്ത്രി ജലീല്‍ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് ന്യൂസ് 18 കേരളം എഡിറ്റര്‍ പ്രദീപ് പിള്ളയുമായുള്ള അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു ജലീല്‍ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ശ്രീനാരായണ ദര്‍ശനങ്ങള്‍ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷത്ത് എത്തിയിട്ടും ജലീല്‍ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഖുറാന് വിതരണം ചെയ്ത ജലീല്‍ ബൈബിളോ മഹാഭാരതമോ ആര്‍ക്കും കൊടുത്തിട്ടുമില്ല. ജലീല്‍ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തില്‍നിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ജലീലിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരുപാട് മങ്ങല്‍ ഏല്‍പ്പിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സ്വര്‍ണക്കടത്തായാലും ഖുറാന് വിതരണമായാലും, അതൊക്കെ കുറേ ദിവസങ്ങള്‍ ചര്‍ച്ചയായി. ഇപ്പോഴുണ്ടായ വിവാദങ്ങളിലൊക്കെ ജലീലിന്റെ കര്‍മ്മം എന്തായിരുന്നുവെന്ന് അറിയാന്‍ പാഴൂര്‍ പടിവരെ പോകണമെന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സൂക്ഷ്മത കുറവുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പിണറായിക്കൊപ്പം നിന്നവര്‍ അഴിമതിയും അനാശാസ്യവും നടത്തി. അതിന്റെ ഫലമായാണ് ലൈഫ് മിഷന് വിവാദമൊക്കെ ഉണ്ടായത്. പെണ്ണുങ്ങള് കയറിയിറങ്ങി കാര്യം സാധിക്കുന്ന നിലയുണ്ടായി. എന്നാല്‍ ഇതിന്റെയെല്ലാം കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ വെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.