LATESTKERALA

വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കൊലക്കുറ്റം,എസ്.എന്‍.ഡി.പി നേതാവിന്റെ മരണത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം നേതാവ് കെ.കെ.മഹേശൻ്റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം.ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം.കെ.കെ. മഹേശൻ്റെ ആത്മഹത്യാ കുറിപ്പിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു.മഹേശൻ്റെ ഭാര്യ നൽകിയ ഹർജിയിലാണ് നടപടി.കേസിൽ വെള്ളാപ്പള്ളി ഒന്നും തുഷാർ രണ്ടും പ്രതികളാണ്.

വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കത്തെഴുതിവെച്ചശേഷമാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ തൂങ്ങിമരിച്ചത്.മഹേശന്‍ മരണത്തിനു മുമ്പായി എഴുതിയ 36 പേജിലുള്ള കത്തിലും വെള്ളാപ്പള്ളിക്കും സഹായിയായ
അശോകനും എതിരായ ആരോപണങ്ങളുണ്ടായിരുന്നു. ഈ കത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. മഹേശന്‍ ചുമതല വഹിച്ചിരുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസിലും ഇതിനു കീഴില്‍ വരുന്ന സ്‌കൂളിലെയും രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. സ്‌കൂളും ദേവസ്വവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെയും അശോകന്റെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ് കത്തില്‍ മഹേശന്‍ ആരോപിച്ചിരുന്നത്.

സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായതിനുശേഷം മിച്ചം വന്ന 17 ലക്ഷം രൂപ അന്നത്തെ സ്‌കൂള്‍ മനേജര്‍ പി കെ ധനേശന്‍ വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിരുന്നുവെന്നും ആ പണം വെള്ളാപ്പള്ളി എടുത്തെന്നുമാണ് ആക്ഷേപം. തുഷാര്‍ വെള്ളാപ്പള്ളി മനേജര്‍ ആയ 14 വര്‍ഷത്തിനിടയില്‍ സ്‌കൂളില്‍ 15 നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മാനേജര്‍ക്ക് മാസാമാസം അലവന്‍സായി പതിനായിരം രൂപ നല്‍കുന്നതല്ലാതെ ഒരു രൂപ പോലും അമ്പലത്തില്‍ വരവ് വച്ചിട്ടില്ലെന്നാണ് കെ കെ മഹേശന്റെ ആരോപണം. ഇതിനിടയില്‍ ചെലവ് വന്നതെന്നു പറയുന്നത് ഗേള്‍സ് സ്‌കൂളിനു വേണ്ടി മൂന്ന് നില കെട്ടിടം നിര്‍മിച്ചത് മാത്രമാണെന്നും എന്നാല്‍ ആ പണം ദേവസ്വത്തില്‍ നിന്നാണ് എടുത്തതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഈ സ്‌കൂള്‍ കെട്ടിടം വെള്ളാപ്പള്ളി നടേശന്റെ സപ്തതി സ്മാരകമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണിച്ചുകുളങ്ങര ഉത്സവത്തിന്റെ ഭാഗമായി വെള്ളാപ്പള്ളിയുടെ വീട്ടില്‍ ഇടുന്ന പന്തലിനും ലൈറ്റ് ആന്‍ഡ് സൗണ്ടിനും പണം എടുക്കുന്നതുപോലും ദേവസ്വത്തില്‍ നിന്നായിരുന്നുവെന്നും ഏകദേശം മൂന്നരലക്ഷത്തോളം രൂപയാണ് ഇങ്ങനെ ചെലവാക്കിയിരുന്നതെന്നും കെ കെ മഹേശന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കെ കെ മഹേശന്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നുവെന്നും ഇത് കണ്ടു പിടിച്ചതോടെയാണ് വെള്ളാപ്പള്ളി നടേശനെ കുടുക്കാന്‍ വേണ്ടി ഒരു കഥ മെനഞ്ഞ് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മറുപടി. സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മഹേശന്‍ തന്നോട് സമ്മതിച്ചിരുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സിന്റെ പേരില്‍ 25 വ്യാജസംഘങ്ങള്‍ ഉണ്ടാക്കി ഒരു കോടിയോളം രൂപ മഹേശന്‍ തട്ടിയിട്ടുണ്ടെന്നും തുഷാർ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുകയാണ് കെ കെ മഹേശന്റെ കുടുംബം. പണം തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെയെന്നു കണ്ടെത്തണമെന്നും ഏത് അന്വേഷണത്തിനും തങ്ങള്‍ തയ്യാറാണെന്നുമാണ് കുടുംബം പറഞ്ഞത്. മഹേശന്റെ ആത്മഹത്യ ഒതുക്കി തീര്‍ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചിരുന്നുവെന്നും അതിനായി വീട്ടിലേക്ക് വരട്ടെയെന്നും ചോദിച്ചെന്നും എന്നാല്‍ കേസിന്റെ കാര്യത്തിനായിട്ടാണെങ്കില്‍ വരണ്ട എന്നു തങ്ങള്‍ പറഞ്ഞതോടെ പിന്നീട് വിളിച്ചിട്ടില്ലെന്നുമാണ് മഹേശന്റെ കുടുംബം പറയുന്നത്. തങ്ങള്‍ ഒരു തരത്തിലും വഴങ്ങില്ലെന്ന് ഉറപ്പായതോടെയാണ് വെള്ളാപ്പള്ളിയും തുഷാറും കെ കെ മഹേശനെ തേജോവധം ചെയ്യാന്‍ ഇറങ്ങിയതെന്നും കുടുംബം കുറ്റപ്പെടുത്തി.ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker