BREAKING NEWSLATESTNATIONAL

മൃതദേഹങ്ങള്‍ ഇനി കീറിമുറിക്കേണ്ട, എയിംസില്‍ വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന വെര്‍ച്വല്‍ ഓട്ടോപ്‌സി ഇന്ത്യയില്‍ ആരംഭിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (AIIMS) കഴിഞ്ഞ ദിവസം ഈ രീതി ആദ്യമായി ആരംഭിച്ചത്. തെക്ക്കിഴക്കന്‍ ഏഷ്യയില്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി നടത്തുന്ന ആദ്യത്തെ ആശുപത്രി എയിംസാണ്. പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ശരീരത്തില്‍ മുറിവുകളില്ലാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുമാണ് ‘ വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടം’ ആരംഭിക്കുന്നത്. മൃതശരീരം മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാണ് വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തുന്നതെന്ന് എയിംസ് ഫോറന്‍സിക് വിഭാഗം അറിയിച്ചു. വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ട സേവനം അടുത്തിടെയാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഉദ്ഘാടനം ചെയ്തത്.

എന്താണ് വെര്‍ച്വല്‍ ഓട്ടോപ്‌സി?

മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) അല്ലെങ്കില്‍ ഡിജിറ്റല്‍ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) സ്‌കാനുകളിലൂടെ ഡോക്ടര്‍മാര്‍ക്ക് മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനും മരണകാരണം നിര്‍ണ്ണയിക്കാനും സാധിക്കുന്ന സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം. രണ്ട് പരിശോധനകളും ശരീരത്തിന്റെ വിവിധ അവയവങ്ങളെ നിരവധി കോണുകളില്‍ നിന്ന് പഠിക്കാന്‍ അനുവദിക്കുന്നു. ഇത്
മരണ കാരണം നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കും.

വെര്‍ച്വല്‍ ഓട്ടോപ്‌സി നടത്തുന്നത് എങ്ങനെ?

സ്‌കാനിംഗ്, ഇമേജിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വെര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. സിടി സ്‌കാന്‍ മെഷീന്‍ ഉപയോഗിച്ചുള്ള വിവിധ കോശങ്ങളുടെയും ആന്തരിക അവയവങ്ങളുടെയും പരിശോധന ഇതില്‍ ഉള്‍പ്പെടുന്നു. സിടി സ്‌കാന്‍ മെഷീനില്‍ മൃതദേഹം കിടത്തി ശരീരത്തിന്റെ 25,000 ത്തോളം ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നു. ഇത് ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.

എയിംസിലെ വെര്‍ച്വല്‍ ഓട്ടോപ്‌സി

എംയിസില്‍ കഴിഞ്ഞ ദിവസം മുതല്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി നടപ്പിലാക്കി. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കാതെ തന്നെ വിവിധ ഗവേഷണങ്ങള്‍ നടത്താനും വ്യക്തികളുടെ മരണത്തിന് കാരണമായതെന്തെന്ന് കണ്ടെത്താനും ഇതുവഴി സാധിക്കുമെന്ന് എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി സുധീര്‍ ഗുപ്ത പറഞ്ഞു.

എന്തുകൊണ്ട് വെര്‍ച്വല്‍ ഓട്ടോപ്‌സി?

വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടത്തിലേയ്ക്ക് മാറുന്നതിനുള്ള ഒരു പ്രധാന കാരണം ഇതിന് സമയം കുറച്ച് മതിയെന്നുള്ളതാണ്. ഫിസിക്കല്‍ പോസ്റ്റുമോര്‍ട്ടത്തേക്കാള്‍ വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വെറും 10 മിനിറ്റ് സമയം മാത്രമേ എടുക്കൂ. സാധാരണ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും എടുക്കുമെന്നും പരമ്പരാഗത പോസ്റ്റ്‌മോര്‍ട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെര്‍ച്വല്‍ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ എടുക്കൂവെന്നും സുധീര്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു. ഡോ. ഗുപ്ത സൂചിപ്പിച്ചതുപോലെ മറ്റൊരു കാരണം ശരീരത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നതാണ്. സാധാരണ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. എന്നാല്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി നടപ്പിലാക്കിയതോടെ ബന്ധുക്കളുടെ ഈ ബുദ്ധിമുട്ട് ഒഴിവാകും.

വെര്‍ച്വല്‍ ഓട്ടോപ്‌സി ലോകത്ത് എല്ലായിടത്തും നടപ്പിലാക്കിയിട്ടുണ്ടോ?

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി നിരവധി വികസിത രാജ്യങ്ങളില്‍ ഇതിനകം നടപ്പിലാക്കിയിട്ടുള്ള സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം.

Related Articles

Back to top button