തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് (ജൂലൈ ആറിന്) രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ടാവും.
ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ രാവിലെ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുവാനായി പോകും. മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡല്‍ ഓഫ് എക്സലന്‍സ് ചടങ്ങില്‍ ഉപരാഷ്ട്രപതി സമ്മാനിക്കും. ഐഎസ്ആര്‍ഒ അധ്യക്ഷനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ് സോമനാഥ്, ചാന്‍സലര്‍ ഡോ. ബി.എന്‍ സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
ശേഷം മൂന്ന് മണിയോടെ ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടര്‍ന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.
81 1 minute read