LATESTNATIONAL

സോഷ്യല്‍മീഡിയ ഉപയോഗം മിതപ്പെടുത്തണം; ആരുടെയും വികാരങ്ങള്‍ മുറിപ്പെടുത്തരുത്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ ഉപയോഗം മിതപ്പെടുത്തണമെന്ന ആവശ്യവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദുരുപയോഗം തടയുന്നതിനും ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുന്നതിനും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചില തീവ്ര ക്യാംപെയ്‌നുകളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും ഹാഷ്ടാഗുകളും നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയെടുക്കാന്‍ വൈകിയ സാഹചര്യത്തില്‍ കടുത്ത അതൃപ്തിയും കേന്ദ്രം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വെങ്കയ്യനായിഡുവിന്റെ പ്രതികരണം.
മാധ്യമങ്ങളുമായി നടത്തിയ ഒരു അനൗപചാരിക ആശയ വിനിമയത്തിനിടെയായിരുന്നു രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ നായിഡുവിന്റെ പ്രതികരണം. നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ചര്‍ച്ചകളിലൂടെ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തീവ്രമായ അല്ലെങ്കില്‍ പരമാധികാര നിലപാടുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കില്ലെന്നും പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കുകയും എന്നാല്‍ അധികം വൈകാതെ തന്നെ പുനസ്ഥാപിക്കുകയും ചെയ്ത വിഷയം പ്രതിപാദിച്ചു കൊണ്ടാണ് ഉള്ളടക്കത്തില്‍ മിതത്വം പാലിക്കുക എന്നതാണ് മറ്റുള്ളവരെ വ്രണപ്പെടുത്താതെ സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നുവെന്ന് വാദിച്ച നായിഡു, ഇത്തരം ഫലപ്രദമായ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അവയെ യുദ്ധവേദിയാക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
‘യുദ്ധങ്ങള്‍ എല്ലാവര്‍ക്കും അപകടകരമാണ്, ‘ഉണ്ടാകാനിടയുള്ള പ്രതികരണങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും വേണം സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കേണ്ടത്. അത്തരം പ്രതിഫലനങ്ങള്‍ കുറ്റകരമായ പോസ്റ്റുകളെ കുറയ്ക്കും. പ്രകോപനം ആകരുത് ഒരു മികച്ച കാഴ്ചപ്പാടുകളാകണം പങ്കുവയ്‌ക്കേണ്ടത് ഉപരാഷ്ട്രപതി വ്യക്തമാക്കി.

Related Articles

Back to top button