BREAKING NEWSKERALA

വിജയ് പി നായര്‍… ഡോക്ടറാണോ, അതോ അധ്യാപകനോ, അല്ല സിനിമാക്കാരന്‍… മൊത്തം ദുരൂഹത

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെക്കുറിച്ച് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും അറിവില്ല. ആറു വര്‍ഷമായി വെള്ളായണി ചാപ്ര ഇടവഴിയിലാണ് വിജയ് പി.നായരുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. നാട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. വീട്ടില്‍ അമ്മയും സഹോദരനുമുണ്ട്. സ്റ്റാച്യു ഗാന്ധാരിയമ്മന്‍ കോവിലിനടുത്ത് വാടകയ്ക്കു താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാന്‍ വീട്ടിലെത്തുമായിരുന്നു. നാട്ടുകാരുമായി ഇടപഴകാതെ, അമ്മയെ കണ്ടശേഷം വൈകിട്ടോടെ ബൈക്കില്‍ മടങ്ങിപോകുകയായിരുന്നു പതിവ്.
അവിവാഹിതനായ സഹോദരന്‍ ജോലിക്കുപോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളായണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തെക്കുറിച്ച് കാര്യമായ അറിവില്ല. പോസ്റ്റുമാന്റെ സഹായത്തോടെയാണ് സ്‌പെഷല്‍ ബ്രാഞ്ച് ഇയാളുടെ വീട് കണ്ടെത്തിയത്. സഹോദരി നഗരത്തിലെവിടെയോ താമസമുണ്ടെന്നാണ് വിജയ് പി.നായരുടെ അമ്മ പൊലീസിനോട് പറഞ്ഞത്. അവര്‍ വല്ലപ്പോഴും അമ്മയെ കാണാനെത്താറുണ്ടെങ്കിലും വീട്ടില്‍ താമസിക്കാറില്ല. കണ്ണാടി കടകള്‍ക്ക് ലെന്‍സ് വില്‍ക്കുന്ന ജോലിയാണെന്നാണ് വിജയ് വീട്ടില്‍ പറഞ്ഞിരുന്നത്. വിജയ്‌യെ അറസ്റ്റു ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്.
ഇന്നലെ പൊലീസ് സംഘം വീട്ടിലെത്തുമ്പോഴാണ് വിജയ് പി.നായര്‍ അവിടെ ഉണ്ടെന്ന് അയല്‍വാസികള്‍ പോലും അറിയുന്നത്. ഇയാളുടെ അമ്മ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വിജയ് അവിവാഹിതനാണെന്നാണ് പൊലീസിനു ലഭിച്ചവിവരം. പൊലീസെത്തിയ ഉടനെ വിജയ് ജീപ്പിലേക്കു കയറി പോകുകയായിരുന്നു.
സിനിമയില്‍ സംവിധാനം പഠിക്കാന്‍ പോയ ശേഷം അധ്യാപകനായെന്നും അതിനു ശേഷമാണ് യു ട്യൂബര്‍ ആയതെന്നുമാണ് വിജയ് പി. നായര്‍ പൊലീസിനോടു പറഞ്ഞത്. സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ താന്‍ പ്രവര്‍ത്തിച്ചെന്നു സിനിമകളുടെ പേരടക്കം പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
പാരലല്‍ കോളജില്‍ അധ്യാപകനായി ജോലി ചെയ്‌തെന്നും അതിനുശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി. പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റാണു ലഭിച്ചതെന്നാണ് വാദം. പിഎച്ച്ഡി ലഭിച്ചെന്നു പറയുന്ന തമിഴ്‌നാട്ടിലെ സര്‍വകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.
സ്ത്രീകള്‍ക്ക് എതിരായ അധിക്ഷേപം സൈബര്‍ ക്രൈം പൊലീസ് അന്വേഷിക്കാന്‍ തീരുമാനമായി. വിജയ് പി.നായര്‍ക്കും ശാന്തിവിള ദിനേശനും എതിരായിട്ടുള്ള കേസുകളാണ് സൈബര്‍ പൊലീസിനു കൈമാറുന്നത്. വിജയ് പി.നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. യുട്യൂബ് വിഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി 4 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 364 അ (1), 509, കേരളാ പൊലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഐടിവകുപ്പ് അനുസരിച്ചും കേസെടുത്തു. 5 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
ശാന്തിവിള ദിനേശിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 364 A(1)(iv), 506, 509, കേരളാ പൊലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും നല്‍കിയ പരാതികളില്‍ തമ്പാനൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button