BREAKING NEWSKERALA

പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശ: എ വിജയരാഘവന്‍

തൃശ്ശൂര്‍: സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവര്‍ത്തന രീതിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ എത്രത്തോളം തരംതാഴ്ത്തി എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകളെന്നും വിജയരാഘവന്‍ പറഞ്ഞു.
ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച വിശദീകരണം സ്പീക്കര്‍ നല്‍കിയതാണ്. സത്യം അതായിരിക്കേ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. കത്തെഴുതാനുളള ചെന്നിത്തലയുടെ സ്വാതന്ത്ര്യത്തെ നിരാകരിക്കാനാവില്ലെന്ന് പറഞ്ഞ വിജയരാഘവന്‍ സ്പീക്കര്‍ നിയമവിധേയമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആശ്വാസവും വികസനപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാകും.’
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് പ്രചരണം അവര്‍ അപവാദം പ്രചരിപ്പിക്കാനും അസത്യം പ്രചരിപ്പിക്കാനുമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ‘മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ തിരഞ്ഞെടുപ്പ് വേളയെ ഉപയോഗപ്പെടുത്തി. ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനും യുഡിഎഫ് പരിശ്രമിച്ചു. ഈ നിഷേധാത്മക നിലപാടിനെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പ്രവര്‍ത്തകനെ അവര്‍ കൊലപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുമ്പായി നാല് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.ആര്‍എസ്എസും കോണ്‍ഗ്രസും ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നുളളതായിരുന്നു അവരുടെ ഗൂഢാലോചന. കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. തികഞ്ഞ സംയമനത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ കായിക അക്രമങ്ങളെ നേരിടുന്നത്.
കേരളത്തെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുകുമോ എന്ന പരിശ്രമവും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ട് അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിവരെയുളള രാഷ്ട്രീയ കൂട്ടുകെട്ടാണ് അവസരവാദപരമായി യുഡിഎഫ് രൂപീകരിച്ചത്. കേരളത്തിലെ രാഷ്ട്രീയ താല്പര്യത്തിന് ഉതകുന്നതല്ല ഇത്. നാട്ടില്‍ ‘അസമാധാനം’ ഉണ്ടാക്കാനേ സഹായിക്കൂ.
കെ.എം.മാണി സാറിനെ പിന്നില്‍ നിന്ന് കുത്തിചതിച്ചത് ആരാണ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. യുഡിഎഫ് വിശേഷിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നടത്തിയ ഗൂഢാലോചനയാണ് മാണിസാറിനെതിരായി നേരത്തേ കണ്ടിട്ടുളളത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ശേഷം യുഡിഎഫ് അതീവ ദുര്‍ബലമായിരിക്കുകയാണ്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത കൂട്ടുന്ന മുഖ്യഘടകമാണ് അത്. കണ്ണീരൊഴുക്കിയത് കൊണ്ട് കാര്യമില്ല. യുഡിഎഫിന് കേരള കോണ്‍ഗ്രസ് സ്വാധീനമേഖലകളില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Related Articles

Back to top button