തിരുവനന്തപുരം: സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കെ.സുധാകരന്റെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘന്.
പാളയില്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും എന്നെല്ലാം പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ ബോധ്യപ്പെടുകയാണ്. ഇതൊരു മൂല്യത്തകര്‍ച്ചയാണെന്നും വിജയരാഘവന് പറഞ്ഞു.
എല്ലാ തൊഴിലും മഹത്വമുള്ളതാണ്. ജനാധിപത്യ സമൂഹത്തില്‍ വന്ന മാറ്റങ്ങളില്‍ ചെറിയ ജീവിത പുരോഗതിയെ പോലും അംഗീകരിക്കാത്ത ഫ്യൂഡല്‍ സമ്പന്ന മനോഭാവം കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ മൂല്യം അനുസരിച്ച് പ്രിയങ്ക ഗാന്ധിക്കും രാഹുലിനും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സഞ്ചരിക്കാം. എ.കെ.ആന്റണിക്കും ജെ.പി. നഡ്ഡയ്ക്കുമെല്ലാം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിക്കാം.
കേരള മുഖ്യമന്ത്രി ഇതുവരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഡല്‍ഹിക്ക് പോയിട്ടില്ല. കേരളത്തില്‍ അത്യാവശ്യമായി വന്നാല്‍ ഉപയോഗപ്പെടുത്താനാണ് ഹെലികോപ്ടര്‍ എടുത്തത്. സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുട്ടുകുത്തിയിരിക്കുകയാണ്. എന്നാല്‍, നാട്ടിലെ ജനങ്ങള്‍ ഇതെല്ലാം അംഗീകരിച്ചുകൊടുക്കുമെന്ന് കരുതേണ്ടതില്ല. ഇരുകൂട്ടര്‍ക്കും ഒരേ നിലപാടും ആശയവും ആയതുകൊണ്ടാണ് സുധാകരന്റെ പ്രസ്താവനക്ക് കെ.സുരേന്ദ്രന്റെ പിന്തുണയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു.