BREAKING NEWSKERALA

‘യു.ഡി.എഫിന്റെ ശബരിമല കരട് നിയമം ജനങ്ങളെ പറ്റിക്കുന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗം’: എ. വിജയരാഘവന്‍

ആലപ്പുഴ: യു.ഡി.എഫ് പുറത്തുവിട്ട ശബരിമല കരടുനിയമത്തിനെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിനു മുന്നിലുള്ള വിഷയത്തില്‍ ഏത് ഭരണഘടനയും ഏത് നിയമവും അനുസരിച്ചാണ് കോണ്‍ഗ്രസ് നിയമം ഉണ്ടാക്കാന്‍ പോകുന്നത്. രാജ്യത്തെ ഭരണഘടനാപരമായ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതികള്‍ക്കും ചില അധികാരങ്ങളുണ്ട്. ആ അധികാരങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള അവ്യക്തതയാവാം ഒരുപക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
നിയമപരമായാണ് കാര്യങ്ങള്‍ നടക്കുക. ഒന്നാമത് അവര്‍ ഇപ്പോള്‍ അധികാരത്തില്‍ ഇല്ല. ഇനി അധികാരത്തില്‍ വരുമെന്ന് കരുതിയാണെങ്കില്‍, വരാനും പോകുന്നില്ല. പിന്നെ നിയമപരമായ അവകാശവുമില്ല. കോടതിയുടെ തീരുമാനത്തിന് മുകളില്‍ അത്തരമൊരു നിയമം പാസാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നത് വസ്തുതയായിരിക്കെ ജനങ്ങളെ പറ്റിക്കുക, പറഞ്ഞു പറ്റിക്കുക എന്ന സ്ഥിരം കാര്യപരിപാടിയുടെ ഭാഗമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തു വിട്ടിരുന്നു. ശബരിമലയില്‍ പ്രവേശന നിയന്ത്രണം തന്ത്രിയുടെ അനുമതിയോടെ മതിയെന്നാണ് കരടിലുള്ളത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. നിയമത്തിന്റെ കരട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് പരസ്യപ്പെടുത്തിയത്.
ഇതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനിടെ കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാനവിഷയമാക്കി ഉയര്‍ത്താനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. യുഡിഎഫ് അടുത്ത തവണ അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മാണം നടത്തുമെന്ന് എം എം ഹസ്സന്‍ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.
അന്ന്, മലപ്പുറം ഡി സി സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് എം എം ഹസ്സന്‍ ശബരിമല പരാമര്‍ശിച്ചത്. ‘യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും.’ എം എം ഹസ്സന്‍ പറഞ്ഞു. ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. പോലീസ് ആക്റ്റിന് ഭേദഗതി പറ്റുമെങ്കില്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് കൊണ്ടുവരാം.’ എന്നിങ്ങനെ ആയിരുന്നു ഹസ്സന്‍ പറഞ്ഞത്.
ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് അന്ന് ഹസ്സന്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ വിശ്വാസികളെ മുറിവേല്‍പിച്ച ശേഷം സമുദായ സൗഹൃദം പറയുന്നത് ആരാച്ചാര്‍ അഹിംസ പറയുന്നത് പോലെയാണ്. അദ്ദേഹം പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബി ജെ പി നിലപാട് എന്താണ് എന്ന് വ്യക്തമായതാണെന്നും യു ഡി എഫ് ആണ് വിശ്വാസികള്‍ക്ക് ഒപ്പം എപ്പോഴും നില്‍ക്കുന്നതെന്നും ഹസ്സന്‍ വ്യക്തമാക്കി.
എന്നാല്‍ ശബരിമലയില്‍ നിയമനിര്‍മ്മാണത്തിന് ഇനി പ്രസക്തിയില്ല എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അന്ന് ഹസ്സന് മറുപടി ആയി പറഞ്ഞിരുന്നു. ‘ഈ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രത്യേക വിഷയമായി ക്യാംപയിന്‍ ചെയ്യേണ്ട കാര്യം ഇല്ല. കാരണം അത് ജനങ്ങളുടെ മനസ്സില്‍ ഉണ്ട്. പ്രശ്‌നം ഇപ്പൊള്‍ കോടതിയുടെ മുമ്പില്‍ ആണ്. അന്തിമ വിധി അനുകൂലം ആകുമെന്ന് തന്നെ ആണ് പ്രതീക്ഷ. കോടതി വിധി വരാന്‍ ഉള്ളത് കൊണ്ട് ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തത്. ശബരിമലയെ തകര്‍ക്കാന്‍ ആണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും രമേശ് അന്ന് പറഞ്ഞിരുന്നു.

Related Articles

Back to top button