മിശ്രലിംഗക്കാരായ കുഞ്ഞുങ്ങള്‍ക്കായി താരാട്ടുപാട്ട് ഒരുക്കിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജ മല്ലിക. ഈ താരാട്ട് പാട്ടിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വ്യത്യസ്ത ലിംഗത്തോടെ ജനിക്കുന്ന കുട്ടികളെ സമൂഹം ഉള്‍ക്കൊള്ളുന്നത് എത്രത്തോളമാണെന്ന ചോദ്യം ബാക്കി നില്ക്കുമ്പോള് ഒരു മാറ്റത്തിനായാണ് ഈ താരാട്ടുപാട്ട്.
വിജയരാജ മല്ലികയുടെ ഈ താരാട്ടുപാട്ട് ആരുടെയും മനസ് നിറയ്ക്കും. മിശ്രലിംഗക്കാരായ കുഞ്ഞുങ്ങള്‍ പിറന്നുവീഴുമ്പോള്‍ അവരെ ആദ്യം അംഗീകരിക്കേണ്ടത് അമ്മയാണോ സമൂഹമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ താരാട്ട്. താരാട്ടിലൂടെ വിജയരാജമല്ലിക പലതും പറയാതെ പറഞ്ഞുവയ്ക്കുകയാണ്. ഷിനി അവന്തിക പാടിയ താരാട്ടുപാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നൃത്തരൂപവും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. പ്രസക്തമായ ഒരു വിഷയത്തെ സര്‍ഗാത്മകമായി അവതരിപ്പിച്ച് പൊതുബോധത്തില്‍ മാറ്റം വരുത്താനാകുമെന്ന് കവി വിജയരാജമല്ലിക പറയുന്നു.
ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കളില്‍ തുടങ്ങി ധാരാളം താരാട്ട് പാട്ടുകള്‍ കേട്ടുവളര്‍ന്നവരാണ് നമ്മള്. ഇതുവരെ മലയാളി കേട്ടുറങ്ങിയ പാട്ടുകളൊക്കെയും ആണിനും പെണ്ണിനും വേണ്ടിയുള്ളതായിരുന്നു. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഇരിപ്പിടങ്ങള്‍ പോലും ആണിനും പെണ്ണിനുമാകുമ്പോള് പുതിയൊരു മാറ്റത്തിനായാണ് ഈ താരാട്ടുപാട്ട്.