BREAKING NEWSArticlesKERALALATEST

അന്ന് ഗുഹയില്‍ നിന്ന് നിര്‍ബന്ധിച്ച് കാടിറക്കി, വിനോദ് ഇന്ന് ചോലനായ്ക്കര്‍ വിഭാഗത്തിലെ ആദ്യ ഗവേഷണ വിദ്യാര്‍ത്ഥി, ലക്ഷ്യം ഐപിഎസ്

കൊച്ചി: നിലമ്പൂര്‍ വനമേഖലയിലെ ഗുഹയില്‍ ജനിച്ച് കുസാറ്റിലെ ഗവേഷക വിദ്യാര്‍ഥിയിലേക്കുള്ള സി. വിനോദിന്റെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നത്. ചോല നായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ് വിനോദ്. ഏഷ്യന്‍ വന്‍കരയില്‍ത്തന്നെ അവശേഷിക്കുന്ന ഗുഹാവാസികളാണ് ചോലനായ്ക്കര്‍. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ നിന്നും ഏഷ്യയില്‍ ആദ്യമായി ഗവേഷക വിദ്യാര്‍ഥിയാകുന്നതും വിനോദാണ്.
ഇരുപത് വര്‍ഷംമുമ്പ് കരുളായി വനത്തിലെ ഗുഹയിലെത്തിയ കിര്‍ത്താഡ്‌സ് ഡയറക്ടറായിരുന്ന എന്‍ വിശ്വനാഥന്‍ നായരാണ് വിനോദിന്റെ ജീവിതം മാറ്റിമറിച്ചത്. അതാണ് പാരമ്പര്യ തൊഴിലുകള്‍ വിട്ട് അക്ഷരങ്ങളുടെ ലോകത്തേക്കെത്താന്‍ വിനോദിന് നിമിത്തമായതും.
ആറാം വയസില്‍ വിശ്വനാഥാന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിനോദ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കാടുകയറിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ വിനോദ് ഉള്‍പ്പെടെയുള്ളവര്‍ ഉള്‍ക്കാടിലേക്ക് ഒളിച്ചു. എന്നാല്‍ വിനോദ് ഉള്‍പ്പെടെ മൂന്നു കുട്ടികളുമായാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു ഇവരുടെ തുടര്‍ന്നുള്ള പഠനം.
നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക ഹൈസ്‌കൂളില്‍നിന്നു ഫസ്റ്റ് ക്ലാസോടെ എസ്.എസ്.എല്‍.സി. ജയിച്ചതിനു പിന്നാലെ വിനോദ് വീണ്ടും കാടുകയറി. ഊരിലെ മറ്റുള്ളവര്‍ക്കൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വിനോദും ഒപ്പം ചേര്‍ന്നു. ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് വിജയിച്ച കുട്ടി പഠനം അവസാനിപ്പിച്ചത് അറിഞ്ഞ് അധ്യാപകര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വീണ്ടും ഊരിലെത്തി. ഇവര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വിനോദ് ഉപരിപഠനത്തിന് തയാറായത്.
പത്തനംതിട്ട വടശ്ശേരിക്കര എം.ആര്‍.എസിലായിരുന്നു ഹയര്‍ സെക്കന്‍ഡറി പഠനം. 70 ശതമാനം മാര്‍ക്കോടെ വിജയിച്ചു. ഐ.പി.എസ് നേടുകയെന്നതാണ് തന്റെ മോഹമെന്ന് വിനോദ് അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പാലേമാട് ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി കുസാറ്റില്‍ എം. ഫിലിനു ചേര്‍ന്നു. അപ്ലൈഡ് ഇക്കണോമിക്‌സിലായിരുന്നു എം. ഫില്‍. അതേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. പി കെ ബേബിക്ക് കീഴിലാണ് ഇപ്പോള്‍ ഗവേഷണത്തിനു ചേര്‍ന്നിരിക്കുന്നത്. ചോലനായ്ക്ക, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളെക്കുറിച്ചാണു പിഎച്ച്.ഡി. പഠനം.
കരുളായി മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനാണ് വിനോദ്. ചോല നായ്ക്കര്‍ക്കു വേണ്ടി സര്‍ക്കാര്‍ സ്ഥാപിച്ചതാണ് മാഞ്ചീരി കോളനി. ഇവിടെ ഈ വിഭാഗത്തിലെ നാല്‍പ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കരുളായിയില്‍ നിന്നും 22 കിലേമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് മാഞ്ചീരി കോളനി.
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം, കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ മുപ്പൈനാട് പഞ്ചായത്തിലുമായി മൂന്നൂറോളം പേരാണ് ചോലനായക്കര്‍ വിഭാഗത്തിലുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker