BREAKING NEWSKERALA

തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; കോടുത്തത് സ്വപ്നയ്‌ക്കെന്ന് സന്തോഷ്

തിരുവനന്തപുരം/കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി അറിയിച്ചത്.
അതേ സമയം താന്‍ ഐഫോണുകള്‍ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്നും വിനോദിനിയെ അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴയായ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന് കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.
താന്‍ ആറു ഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
‘വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അല്‍സാബിക്കാണ് നല്‍കിത്. ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അല്‍സാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’– സന്തോഷ് ഈപ്പന്‍ പറഞ്ഞു
അതേ സമയം തനിക്ക് സ്വപ്ന ഫോണ്‍ തന്നിരുന്നോ എന്ന കാര്യത്തില്‍ വിനോദിനി ബാലകൃഷ്ണന്‍ വ്യക്തത വരുത്തിയിട്ടില്ല.
സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഐഎംഇ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button