105-ാം വയസില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടിയ ഒരാളാണ് വാര്‍ത്തകളിലെ താരം. വിര്‍ജീനിയ ജിഞ്ചര്‍ ഹിസ്ലോപ്പ് എന്ന വയോധികയാണ് പഠനകാലത്തിനും 83 വര്‍ഷത്തിനിപ്പുറം കോണ്വൊക്കേഷന് ചടങ്ങില്‍ പങ്കെടുത്ത് ബിരുദം കരസ്ഥമാക്കിയത്.
1936 ലാണ് വിര്‍ജീനിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്ഥിനിയായിരുന്നത്. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ പഠിക്കാന്‍ തുടങ്ങിയ ഇവര്‍ക്ക് 2024 ജൂണ്‍ 16-ന് നടന്ന ഒരു ബിരുദദാന ചടങ്ങിലാണ് ബിരുദാനന്തര ബിരുദം ലഭിച്ചത്.
അന്ന് കോഴ്സ് വര്‍ക്ക് സമര്‍പ്പിച്ച് അന്തിമ തീസിസ് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ബിരുദാനന്തര ബിരുദം നേടാൻ വിര്‍ജീനിയയ്ക്ക് കഴിഞ്ഞില്ല എന്നതാണ്. കാരണം പഠനകാലത്ത് അവര്‍ തന്റെ കാമുകനെ വിവാഹം ചെയ്യുകയും ക്യാമ്പസില്‍ നിന്ന് പോവുകയും ചെയ്യുകയായിരുന്നു. ശേഷം ഭര്‍ത്താവ് രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനായി പോവുകയും വിര്‍ജീനിയയ്ക്ക് അവിടം വിടുകയും ചെയ്യേണ്ടിവന്നു.
പിന്നീട് ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ ബിരുദവും കോണ്വൊക്കേഷനുമൊക്കെ അവര്‍ മറന്നുകളഞ്ഞു. എന്നാല്‍ കാലം അതങ്ങനെ മറന്നില്ല. 83 വര്‍ഷങ്ങള്‍ക്കിപ്പുറം വിര്‍ജീനിയ ഹിസ്ലോപ്പിന്റെ അക്കാദമിക് ബിരുദം പരിശോധിക്കാന്‍ കഴിയുമോ എന്ന ആവശ്യവുമായി അവരുടെ മരുമകന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയെ സമീപിച്ചു.
ഇക്കാര്യം പരിശോധിച്ചുറപ്പിച്ച ശേഷം വിര്‍ജീനിയ ജിഞ്ചര്‍ ഹിസ്ലോപ്പ് എന്ന വിദ്യാര്‍ഥിക്ക് ബിരുദം നല്കാന് അധികൃതര്‍ തീരുമാനിച്ചു. അതോടെ ഒരു ചരിത്ര സംഭവത്തിന് വഴിയൊരുങ്ങി. ഈ മാസം സര്‍വകലാശാല വിര്‍ജീനിയയുടെ അക്കാദമിക് വിജയം ആഘോഷിക്കുകയും കോണ്വൊക്കേഷന് നടത്തുകയുമുണ്ടായി.