കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ സര്‍ക്കാരിനെ വഞ്ചിച്ച് ലാഭം നേടിയെന്ന് കുറ്റപത്രം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഗൂഡലോചനയില്‍ പങ്കാളികളായി. പ്രളയ ഫണ്ട് തട്ടാന്‍ പ്രതികള്‍ കമ്പ്യൂട്ടര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തി. അര്‍ഹരായവരെ ഒഴിവാക്കി സിപിഎം നേതാക്കളുടെ അക്കൗണ്ട് അടക്കം ചേര്‍ത്ത് 27ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു. കൂടുതല്‍ തുക തട്ടിയെടുത്തത് കളക്ടറേറ്റിലെ ക്ലാര്‍ക്ക് വിഷ്ണു പ്രസാദാണെന്നും അദ്ദേഹം പറഞ്ഞു.തട്ടിയെടുത്ത തുകയില്‍ ഇതുവരെ കണ്ടെത്തിയത് 10.58 ലക്ഷം രൂപയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസില്‍ 172 സാക്ഷികളാണ് ഉള്ളത്. മുന്‍ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, നിലവിലുള്ള കളക്ടര്‍ എസ് സുഹാസ് എന്നിവര്‍ അടക്കം സാക്ഷികളാണ്. അയ്യനാട് സഹകരണ ബാങ്ക് അധികൃതര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.