BREAKING NEWSKERALALATEST

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ്; മുന്‍ ക്ലാര്‍ക്ക് 67,78,000 രൂപ തട്ടിയെന്ന് കുറ്റപത്രം, കളക്ടറുടെ വ്യാജ ഒപ്പിട്ടു

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ ക്ലര്‍ക്ക് വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. തട്ടിപ്പിനായി പ്രതി വ്യാജ രസീതുണ്ടാക്കിയെന്നും കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും കുറ്റപത്രത്തിലുണ്ട്.
എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ രണ്ടാമത്തെ കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ വിഷ്ണുപ്രസാദ് മാത്രമാണ് പ്രതിയായിട്ടുളളത്. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് സിപിഎം നേതാക്കളടക്കമുളളവര്‍ പ്രതികളായിട്ടുള്ളത്.
291 ഗുണഭോക്താക്കളില്‍ നിന്ന് 1,16,08,100 രൂപ വിഷ്ണുപ്രസാദ് വാങ്ങിയിരുന്നു. അതില്‍ 48,30,000 രൂപയാണ് ട്രഷറി അക്കൗണ്ടിലേക്ക് തിരികെ വന്നിരിക്കുന്നത്. 67,78,100 രൂപയുടെ തിരിമറിയാണ് വിഷ്ണുപ്രസാദ് നടത്തിയിരിക്കുന്നതെന്നാണ് കുറ്റപത്രത്തിലുളളത്.
തട്ടിയെടുത്ത പണം കണ്ടെത്തുന്നതിന് വേണ്ടി വിഷ്ണുപ്രസാദിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
പ്രതിക്കെതിരെ ചുമത്തിയിരുന്ന ഐപിസി 403ാം വകുപ്പ് ആ കുറ്റകൃത്യം നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കുകയും അഴിമതി നിരോധന നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles

Back to top button