KERALABREAKING NEWSLATEST

തപാല്‍വോട്ടിനൊപ്പം പെന്‍ഷന്‍: വിതരണത്തിനെത്തിയ ആള്‍ക്ക് സസ്‌പെന്‍ഷന്‍

കായംകുളം: 80 വയസ്സുകഴിഞ്ഞ സ്ത്രീയെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് ചെയ്യിക്കുന്നതിനിടെ ക്ഷേമപെന്‍ഷന്‍ നല്‍കാനെത്തിയയാള്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു പരാതി. ഇതുമായി ബന്ധപ്പെട്ട്, പെന്‍ഷന്‍ വിതരണത്തിനെത്തിയ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിനെ സസ്‌പെന്‍ഡ് ചെയ്ത് കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു.
കായംകുളം വില്ലേജ് സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് സി.എസ്. സുഭാഷിനെയാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തത്. വരണാധികാരിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കളക്ടറുടെ നടപടി. വോട്ടുചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരടെ പേരില്‍ നടപടിയില്ല. അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വരണാധികാരി നല്‍കിയതെന്ന് ആക്ഷേപമുണ്ട്.
കായംകുളം മണ്ഡലത്തിലെ 77ാം നമ്പര്‍ ബൂത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലെ കമലാക്ഷിയമ്മയുടെ വോട്ട് ചെയ്യിക്കുന്നതിനിടെയാണു സംഭവം. ചൊവ്വാഴ്ചയാണു വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. ഇതേസമയം, ബാങ്ക് കളക്ഷന്‍ ഏജന്റും വോട്ടര്‍ക്കു ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ വീട്ടിലെത്തി. പെന്‍ഷന്‍തുക നല്‍കുന്നതോടൊപ്പം വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചില്ലെന്നുമാണു പരാതി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം വിവാദമായത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ചീഫ് തിരഞ്ഞെടുപ്പ് ഏജന്റ് യു. മുഹമ്മദും എന്‍.ഡി.എ.യുടെ ചീഫ് ഏജന്റ് പാലമുറ്റത്ത് വിജയകുമാറും പരാതി നല്‍കിയതിനെത്തുടര്‍ന്ന് കളക്ടര്‍ വരണാധികാരി ബിനന്‍ വാഹിദിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വീട്ടുകാരെ കണ്ടു സംസാരിച്ച് വരണാധികാരി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പെന്‍ഷന്‍ നല്‍കിക്കഴിഞ്ഞാണു വോട്ടുചെയ്യിക്കാനെത്തിയതെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നിസ്സഹായരായിരുന്നുവെന്നുമാണു റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്നറിയുന്നു. പെന്‍ഷന്‍ വിതരണത്തെക്കുറിച്ച് ബി.എല്‍.ഒ.യ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു.

Related Articles

Back to top button