തിരുവനന്തപുരം: കോടതിവരെയെത്തിയ ഇരട്ടവോട്ടുസംബന്ധിച്ച പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് മൃദുസമീപനവുമായി ഇടതുമുന്നണി. എന്നാല്‍ കമ്മിഷന്റെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കോണ്‍ഗ്രസും വീഴ്ച തിരുത്തേണ്ടത് കമ്മിഷനാണെന്നു ബി.ജെ.പിയും ആവര്‍ത്തിക്കുന്നു.
ക്രമക്കേടു സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പുറമേ തിരഞ്ഞടുപ്പ് കമ്മിഷനെയും പരാതിയുമായി സമീപിച്ചെങ്കിലും അത്തരമൊരു നീക്കം സി.പി.എമ്മിന്റെയോ ഇടതുമുന്നണിയുടെയോ ഭാഗത്തുണ്ടായില്ല. അതേസമയം ഇടതുമുന്നണിക്കുവേണ്ടിയാണ് പട്ടികയില്‍ ക്രമക്കേടെന്ന ആരോപണം അവര്‍ ചെറുക്കുന്നുമുണ്ട്.
പട്ടികയില്‍ പേരുകളുടെ ആവര്‍ത്തനം അബദ്ധത്തില്‍ (ക്ലറിക്കല്‍ എറര്‍) ആകാമെന്നും ബോധപൂര്‍വമായും ഉണ്ടാകാമെന്നും കമ്മിഷന് ആവശ്യമുള്ള നടപടിയെടുക്കുമെന്നുമാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചത്. കമ്മിഷന് തിരുത്തല്‍ നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ പരാതി നല്‍കേണ്ടതില്ലെന്നും ഒരാള്‍, ഒരുവോട്ട് എന്നതാണ് മുന്നണിയുടെ നയമെന്നും സി.പി.ഐ. നേതാവും എം.പിയുമായ ബിനോയ് വിശ്വവും പറഞ്ഞു.
ഇടതുമുന്നണിക്ക് തുടര്‍ഭരണത്തിന് വ്യാജവോട്ടുകള്‍ കൂട്ടത്തോടെ ചേര്‍ത്തെന്ന ആരോപണമാണ് കണക്കുകളോടെ തുടക്കംതൊട്ടേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. ഒന്നൊന്നായി കണക്കുകള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ അമ്മയുടെയും യു.ഡി.എഫുകാരുടെയുമൊക്കെ പേരുകള്‍ പട്ടികയിലുണ്ടെന്നു പറഞ്ഞ് ചെന്നിത്തലയ്ക്കെതിരേ നീങ്ങുകയായിരുന്നു ഇടതുനേതാക്കള്‍. ഇരട്ടവോട്ടുകളെ വൈകി അംഗീകരിച്ച ബി.ജെ.പിയും പരാതിയുമായി കമ്മിഷനു മുന്നിലെത്തിയതോടെ വിവാദം കടുത്തു. ചെന്നിത്തല പറഞ്ഞ ഇരട്ടവോട്ടിന്റെ കണക്കല്ല കമ്മിഷന് പരിശോധനയില്‍ കണ്ടെത്തിയതും കോടതിയില്‍ പറഞ്ഞതും.
***