BREAKING NEWSKERALALATEST

മത്സരരംഗത്ത് 1061 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാന്‍ രണ്ടു ദിവസംകൂടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ 2180 നാമനിര്‍ദ്ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകള്‍ 22 വരെ പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും.
സൂഷ്മ പരിശോധനയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. സിപിഎം സമ്മര്‍ദം കാരണമാണ് പത്രികകള്‍ തള്ളിയതെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പ്രതികരിച്ചു. സിപിഎമ്മിന്റെ ഈ 3 സിറ്റിങ് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനെതിരെ വിമര്‍ശനവുമായി യു.ഡി.എഫും രംഗത്തെത്തി.
ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അംഗവുമായ നിവേദിത സുബ്രഹ്മണ്യന്റെ പത്രികയാണ് നിരസിക്കപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് പത്രികയില്‍ ഇല്ല എന്നതാണു കാരണം. ഡമ്മി സ്ഥാനാര്‍ഥിയും ഇല്ലാത്തതിനാല്‍ എന്‍ഡിഎയ്ക്ക് ഇനി ഗുരുവായൂരില്‍ സ്ഥാനാര്‍ഥി ഇല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിവേദിത 25,490 വോട്ട് നേടിയിരുന്നു. എന്‍.കെ. അക്ബര്‍ (എല്‍ഡിഎഫ്), കെ.എന്‍.എ ഖാദര്‍ (യുഡിഎഫ്) എന്നിവരാണ് ഇവിടെ മുന്നണി സ്ഥാനാര്‍ഥികള്‍.
2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22,125) ലഭിച്ച ലഭിച്ച തലശ്ശേരിയില്‍ ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി നല്‍കുന്ന ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ല എന്നതാണു കാരണം. ഇവിടെയും ഡമ്മി സ്ഥാനാര്‍ഥി ഇല്ല. സിറ്റിങ് എംഎല്‍എ എ.എന്‍. ഷംസീറും (എല്‍ഡിഎഫ്) കെ.പി. അരവിന്ദാക്ഷനും (യുഡിഎഫ്) ആണ് ഇവിടെ മത്സരിക്കുന്നത്.
ബിജെപി സഖ്യകക്ഷിയായ അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ഥി ആര്‍.എം. ധനലക്ഷ്മിയുടെ പത്രികയാണ് ദേവികുളത്ത് തള്ളിയത്. പൂര്‍ണമായി പൂരിപ്പിച്ചില്ല, ഫോം 26ല്‍ ഒപ്പിട്ടില്ല എന്നിവയാണു കാരണം. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. സ്വതന്ത്രനായി പത്രിക നല്‍കിയിരുന്ന എസ്. ഗണേശനെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയാക്കി.

Related Articles

Back to top button