തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനമാണ് വി എസിന്. എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളില്‍ നിന്നും വിശ്രമത്തിലേക്ക് മാറിയ വര്‍ഷമാണ് കടന്നുപോയത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്പോള്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്. പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. അപ്പോഴും ജനങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ജനങ്ങളുടെ വികാരം ഉച്ചത്തില്‍ വിളിച്ചുപറയുന്ന വിഎസിന്റെ പൊതുവേദികളിലെ അസാന്നിദ്ധ്യം സംഭവബഹുലമായ ഈ കാലഘട്ടത്തില്‍ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.
കേരളകോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനം, സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍,സ്പ്രിംഗ്ലര്‍, കണ്‍സള്‍ട്ടന്‍സികള്‍ അടക്കം ഇടത് നയവ്യതിയാനങ്ങള്, ഒരുവ്യക്തിയിലേക്ക് ചുരുങ്ങുന്ന സിപിഎം രാഷ്ട്രീയം,ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ നിലപാടുകള്‍ . പാര്‍ട്ടിക്കുള്ളിലും പുറത്തും ശരികേടുകളോട് കലഹിച്ച വിഎസിന്റെ വാക്കുകള്‍ കേരളം പ്രതീക്ഷിക്കുന്നഎത്ര സംഭവങ്ങള്‍.
വിഎസിന്റെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നതാണ് അണികള്‍ക്കും ആരാധകര്‍ക്കും ഇന്നും ആവേശം. 2001ല്‍ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്റെ പിറന്നാളും പൊതുകാര്യമാകുന്നത്. കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന പിറന്നാള്‍ കാഴ്ച്ചകളൊന്നും ഇത്തവണയില്ല. വിഎസിന്റെ പിറന്നാള്‍ വീട്ടിലെ കേക്കുമുറിക്കലില്‍ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ ‘കവടിയാര്‍ ഹൗസി’നു പുറത്തേക്കു വിഎസ് ഇറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ആശുപത്രി വിട്ട ശേഷം അച്യുതാനന്ദന് സ്വതസിദ്ധമായ അതിജീവന രീതിയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഏറെക്കുറെ മടങ്ങിയെത്തി. വീടിനകത്തു വീല്‍ചെയറോ പരസഹായമോ വേണ്ടിവരുന്നു.
ഓഫിസ് മുറിയില്‍ എപ്പോഴെങ്കിലും എത്തുന്ന അദ്ദേഹം ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം അറിയാന്‍ ശ്രമിക്കുന്നു. പത്രങ്ങള്‍ വായിച്ചു കേള്‍ക്കുന്നു. കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ചിരുന്ന ആ ഇടപെടലുകള്‍ക്കു മാത്രം പ്രായം അനുവദിക്കുന്നില്ല. ഇടയ്ക്കു ചില വാര്‍ത്താ–ഫെയ്സ്ബുക് കുറിപ്പുകള്‍ വന്നെങ്കിലും അതു തുടരാന്‍ കഴിയുന്നില്ല. മറ്റുള്ളവരാണു തയാറാക്കുന്നതെങ്കിലും പൂര്‍ണമായി വായിച്ചു കേട്ടു തിരുത്തി അനുവാദം നല്കുന്ന ശീലമാണ് വിഎസിന്റേത്. ‘സ്വന്തം ആലപ്പുഴ’യില്‍ പോയി വരാന്‍ ഇടയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സ്ഥിരമായി നോക്കുന്ന ഡോക്ടര്‍മാര്‍ തലസ്ഥാനത്തായതിനാല്‍ അതും വേണ്ടെന്നു വച്ചു.
‘കവടിയാര്‍ ഹൗസി’ല്‍ ഇന്നു കുടുംബാംഗങ്ങള്‍ മാത്രം പിറന്നാള്‍ ആഘോഷത്തിന് ഒത്തുചേരും.