കൊച്ചി: വാളയാര്‍ കേസ് ഏറ്റെടുക്കാന്‍ തയാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സിബിഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടിളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പുനരന്വേഷണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കി.
നേരത്തെ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയിരിന്നു. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചായിരുന്നു നടപടി. പിന്നാലെ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിടുകയും ചെയ്തു.