പാലക്കാട്: നാലുവര്‍ഷം പിന്നിട്ട വാളയാറിലെ കുഞ്ഞുങ്ങളുടെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം ഒരു ദിവസം പോലും വൈകിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനാണ് വഴി വക്കുകയെന്നതിനാല് ഏറ്റവും വേഗത്തില്‍ സി ബി ഐ അന്വേഷണം ആരംഭിക്കണമെന്ന് വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെടുന്നു. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമയം വേണമെന്ന സിബിഐയുടെ ആവശ്യം ഏതെങ്കിലും സമ്മര്‍ദ്ദങ്ങളുടെ ഭാഗമാണോ എന്നു സംശയം ജനിപ്പിക്കുന്നു. കേന്ദ്ര ഭരണകക്ഷിയായ ബിജെപി വാളയാര്‍ സമരത്തെ പിന്തുണച്ച് സംസാരിക്കുന്നു എങ്കിലും സി ബി ഐ അന്വേഷണം വൈകുന്നത് സംശയ ജനകമാണ്.
ഇലക്ഷന് വിജ്ഞാപനം വരുന്നതിന്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാര്‍ അമ്മയുടെ ശപഥത്തിന് ഐക്യദാര്‍ഢ്യവുമായി ആദ്യ ദിവസമായ ഇന്നലെ വൈകീട്ട് നാലിന് മാരിയപ്പന് നീലിപ്പാറ ( ആദിവാസി സംരക്ഷണ സംഘം നേതാവ് ) തലമുണ്ഡനം ചെയ്തു. സമരപന്തലില്‍ നിന്നും പ്രകടനമായി നഗരത്തില്‍ സഞ്ചരിച്ച് തിരിച്ചെത്തിയാണ് തല മുണ്ഡനം ചെയ്തത്.
ചടങ്ങില്‍ വിളയോടി വേണുഗോപാല്‍, വി.എം. മാര്സന് , പിഎച്ച് കബീര്‍, അറമുഖന് പത്തിച്ചിറ, സുലൈമാന്‍ (ബിജെപി), കെ.മായാണ്ടി, അനിതാ ഷിനു , സി.ആര്. നീലകണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് വൈകീട്ട് നാലിന് പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അറമുഖന് പത്തിച്ചിറ ഐക്യദാര്‍ഢ്യ ശിരോ മുണ്ഡനം നടത്തുന്നു.