KERALALATEST

വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക; 25മത് സംസ്ഥാന ചലച്ചിതോത്സവത്തിന്റെ പ്രധാന വേദിയില്‍ വാളയാര്‍ നീതി സമര സമിതി പ്രതിഷേധ ക്യാംപെയിന്‍ സംഘടിപ്പിച്ചു

കൊച്ചി: വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 25മത് സംസ്ഥാന ചലച്ചിതോത്സവ വേദിയില്‍ വാളയാര്‍ നീതി സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ക്യാംപെയിന്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 19നു വൈകീട്ട് സംസ്ഥാന ചലച്ചിതോത്സവത്തിന്റെ പ്രധാന വേദിയായ സരിത തിയ്യേറ്ററിനു മുന്‍പില്‍ നടന്ന പ്രതിഷേധ ക്യാംപെയിനില്‍ ചലച്ചിത്ര നിര്‍മ്മാതാക്കളും അഭിനേതാക്കളും ഡെലിഗേറ്റുകളും കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമടക്കം 50 ലധികം പേര്‍ പങ്കെടുത്തു.
വാളയാര്‍ നീതി സമര സമിതിയുടെ പ്രതിനിധി ഫാ. അഗസ്റ്റിന്‍ വട്ടോലി അധ്യക്ഷത വഹിച്ച ക്യാംപെയിനില്‍ ദേശീയ അവാര്‍ഡ് ജേതാവും സിനിമാ സംവിധായകനുമായ ബി അജിത്കുമാര്‍, ചലച്ചിത്ര നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജോളി ചിറയത്ത്, സാമൂഹ്യ പ്രവര്‍ത്തകരായ മാഗ്ലിന്‍ ഫിലോമിന, ജെസ്‌ല മാടശ്ശേരി, ശരത് ചേലൂര്‍ എന്നിവര്‍ സംസാരിച്ചു. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു നടക്കുന്ന ക്യാംപെയിനില്‍ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ കേരളം പങ്കുചേരണമെന്നും വാളയാര്‍ നീതി സമരം വിജയത്തിലെത്തും വരെ അവരോടൊപ്പം നില്‍ക്കണമെന്നും ക്യാംപെയിന്‍ ആവശ്യപ്പെട്ടു.
വരുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക്മുന്‍പ് തന്നെ ഈ വിഷയത്തില്‍ നീതിപൂര്‍വ്വമായി തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് ജനങ്ങള്‍ക്കിടയിലേക്കിറങ്ങും എന്നാണ് വാളയാറിലെ അമ്മ പ്രഖ്യാപിച്ചിരിക്കുന്നത്. നീതി ലഭ്യമാവുന്നതിനുവേണ്ടി വാളയാര്‍ കുട്ടികളുടെ അമ്മയ്ക്ക് തല മുണ്ഡനം ചെയ്യേണ്ടി വരുന്നത് സാംസ്‌കാരിക രാഷ്ട്രീയ കേരളത്തിന് അപമാനകരമാണെന്ന് ക്യാംപെയിന്‍ അഭിപ്രായപ്പെട്ടു. എന്ത് വിലകൊടുത്തും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കേരളം സമൂഹം അതിശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തു വരണമെന്നും സമരത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും ക്യാംപെയിന്‍ ആവശ്യപ്പെട്ടു.
ക്യാംപെയിനുമായി ബന്ധപ്പെട്ടു വാളയാര്‍ നീതി സമര സമിതി പുറത്തിറക്കിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലും നഗര ഗ്രാമങ്ങളിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പത്ര മാധ്യമ സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സമരത്തോടൊപ്പം നില്‍ക്കണമെന്നും വാളയാര്‍ നീതി സമര സമിതി അഭ്യര്‍ത്ഥിച്ചു. ഫാ. അഗസ്റ്റിന്‍ വട്ടോലി, ശരത് ചേലൂര്‍, സലില്‍ ലാല്‍ അഹമ്മദ്, രാജേഷ് ഗുരുവായൂര്‍, അഡ്വ. ജോണ്‍ ജോസഫ് എന്നിവര്‍ ക്യാംപെയിനിനു നേതൃത്വം നല്‍കി.

Related Articles

Back to top button