BREAKING NEWSKERALALATEST

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാറിലെ അമ്മയുടെ ചിഹ്നം ‘കുഞ്ഞുടുപ്പ്’

കണ്ണൂര്‍: രണ്ടു പെണ്‍മക്കളുടെ മരണത്തില്‍ നീതി തേടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി അനുവദിച്ചത് ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന ഇവരുടെ പ്രഖ്യാപനത്തിനു വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ യു ഡി എഫ് ഇവരെ പിന്തുണയ്ക്കുമെന്നു വരെ സൂചന ഉണ്ടായിരുന്നു. ഇപ്പോഴിതാ വാളയാറിലെ അമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നത്.
‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് വാളയാറിലെ അമ്മയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി. ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി. ഫ്രോക്ക് ചിഹ്നം വേണമെന്ന് വാളയാറിലെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പ്രചാരണത്തിനുള്ള പണം കണ്ടെത്താന്‍ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥി ആയാണ് മത്സരം. സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നു.
സഹോദരിമാര്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ പ്രതിഷേധം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്തരി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്.
വാളയാര്‍ അമ്മയ്ക്ക് പിന്തുണ നല്‍കി ചരിത്ര പരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ യുഡിഎഫ് തയ്യാറാകണമെന്ന് പൊതുപ്രവര്‍ത്തക പി ഗീത. ബിജെപി ഉള്‍പെടെ എല്ലാവരും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് അമ്മയെ പിന്തുണയ്ക്കണം. ഭരണകൂടവും ജനതയും തമ്മില്‍ ഏറ്റുമുട്ടുന്ന മണ്ഡലമായി ധര്‍മ്മടം മാറി. വാളയാറിലെ നിസ്സഹായയായ ദളിത് അമ്മയുടെ പോരാട്ടം വോട്ടിന്റെ എണ്ണം കൊണ്ടല്ല അളക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
”എന്റെ മക്കള്‍ക്ക് നീതി ലഭിക്കുന്നതിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. എന്നെ ഈ തെരുവിലിറക്കിയ ഡി വൈ എസ് പി സോജന്‍ എന്നേക്കാളും താഴേത്തട്ടില്‍ ഒരു ദിവസമെങ്കിലും തലയില്‍ തൊപ്പിയില്ലാതെ നില്‍ക്കുന്നത് എനിക്ക് കാണണം. സോജനെപ്പോലെ ഒരുപാട് പൊലീസുകാര്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ മക്കളുടെ കേസ് സത്യസന്ധമായി അന്വേഷിക്കാതിരുന്നിട്ടുണ്ട്. എനിക്ക് വാശിയോടുകൂടി മല്‍സരിക്കണമെന്ന് തോന്നിയതിന് പിന്നിലെ ഒറ്റക്കാരണം ഇതാണ്. ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ ഒട്ടേറെക്കുടുംബങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അവരാരും പുറത്തുപറയാന്‍ കൂട്ടാക്കാതെ വീടിനുള്ളിലിരുന്ന് കരയുകയാണ്. എല്ലാ മക്കള്‍ക്കും ഈ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. നഷ്ടപ്പെട്ട കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് നീക്കം” വാളയാറിലെ അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker