പാലക്കാട്: വാളയാര്‍ മകളുടെ നീതിക്കായി വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി രമ്യ ഹരിദാസ് എംപി സമരപ്പന്തലില്‍ എത്തി. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ വാളയാര്‍ കേസിലെ പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്ന് എംപി പറഞ്ഞു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടവ്വപ. ഇന്നലെ നടന്ന യോഗത്തില്‍ വിളയോടി വേണുഗോപാലന്‍ അദ്ധ്യക്ഷനായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍.ശിവരാജന്, ജനപക്ഷം സംസ്ഥാന സെക്രട്ടറി പ്രൊഫസര്‍. സെബാസ്റ്റ്യന്‍ ജോസഫ് ,യുവജന പക്ഷം സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷൈജോ ഹസന് ഐ.എല്‍.പി. സംസ്ഥാന പ്രസിഡണ്ട് രമേശ് നന്മണ്ട,കെ മായാണ്ടി, എ.വിന്‍സന്റ്,കെ. വാസുദേവന്‍, ഗീതടീച്ചര്‍, ആറുമുഖന്‍ പത്തിച്ചിറ, അമ്പലക്കാട് വിജയന്,പി എച്ച് കബീര്‍ ,അനിത ഷിനു, നൗഫിയ നസീര്‍ ,പി ഗോപാലന്, മലമ്പുഴ കൃഷ്ണന് ,അഫ്സല്, സന്തോഷ് മലമ്പുഴ, മാരിയപ്പന് നീലിപ്പാറ,മുത്തു ലക്ഷ്മി ചെമ്മണാമ്പതി എന്നിവര്‍ സംസാരിച്ചു.
ഇതിനിടെ, വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐ പി എസ്സിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാര്‍ അട്ടപ്പളളത്തെ സംഭവസ്ഥലം സന്ദര്‍ശിച്ചത്. വാളയാറില്‍ പുനര്‍വിചാരണയെന്ന ഹൈക്കോടതി വിധിക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. സിബിഐ അന്വേഷണത്തിന് വിട്ടെങ്കിലും അതിനുമുമ്പുളള നടപടികള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് സംഘത്തിന്.അന്വേഷണം ഏറ്റെടുക്കുന്നതായി നേരത്തെ തന്നെ സംഘം വിചാരണകോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചുമതലയുളള റെയില്‍വെ എസ് പി നിശാന്തിനി, കോഴിക്കോട് ഡിസിപി ഹേമലത, പാലക്കാട് ക്രൈംബ്രാഞ്ച് എസ് പി രാജു എന്നിവരുടെ സംഘം വാളയാര്‍ അട്ടപ്പളളത്തെ വീട്ടിലെത്തിയത്. കുട്ടികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.സമര സമിതി നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംഘം വാളയാറിലെത്തിയത്