KERALALATEST

ഇത് സര്‍ക്കാര്‍ ഫാഷിസം, സമരം തകര്‍ക്കാനുള്ള ഗൂഢനീക്കം, ഗോമതി നിരാഹാരം തുടരും: വാളയാര്‍ നീതി സമരസമിതി

വാളയാര്‍: നീതിക്കായി ജനുവരി 26 മുതല്‍ വാളയാര്‍ അമ്മമാര്‍ നടത്തുന്ന സമരത്തേയും കഴിഞ്ഞ ആറു ദിവസമായി മൂന്നാര്‍ സമര നായിക ഗോമതി നടത്തിവരുന്ന നിരാഹാര സമരത്തേയും ജനാധിപത്യ വിരുദ്ധമായി അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് നടത്തിയതെന്ന് വാളയാര്‍ നീതി സമരസമിതി.
നിരാഹാര സമരം നടത്തുന്ന ഗോമതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ ഒരിക്കല്‍ പോലും തയ്യാറാകാതിരുന്ന ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ന് പന്തലിലെത്തി ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോമതിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയല്ല പോലീസിന്റെ ഈ നടപടി. സമരം തകര്‍ക്കാനായിട്ടാണ് ഇത്തരത്തിലൊരു അറസ്റ്റ് ശ്രമം എന്നു ബോധ്യപ്പെടതിനാലാണ് പ്രവര്‍ത്തകര്‍ അതിനെ എതിര്‍ത്തത്. വാളയാര്‍ കുഞ്ഞുങ്ങളുടെ അമ്മയേയും അച്ഛനേയും, പ്രവീണിന്റെ അമ്മയായ റാണി അമ്മയേയും, സമരസമതി നേതാക്കളായ വിളയോടി വേണുഗോപാല്‍, വി എം മാര്‍സന്‍, അനിത ഷിനു, ഫാ. അഗസ്റ്റിന്‍ വട്ടോളി, സെലിന പ്രക്കാനം, പി.എച്ച് കബീര്‍, കെ. വാസുദേവന്‍, അഡ്വ. ജലജാ മാധവന്‍, മായാണ്ടി, നൗഫിയാ നസീര്‍, ഡിവിന്‍ സസുദേവ്, സി.ജെ വര്‍ഗീസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു? – സമരസമിതി നേതാക്കള്‍ ചോദിക്കുന്നു. ഇത്തരം മര്‍ദ്ദനങ്ങള്‍ കൊണ്ടും അറസ്റ്റ് കൊണ്ടും ജനകീയ സമരത്തെ തളര്‍ത്താന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സമരം തകര്‍ക്കാനുള്ള ഗൂഢ നീക്കം തകര്‍ക്കപ്പെടണം എന്നാണ് സമരസമിതി കരുതുന്നത്. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോമതി ചികിത്സ നിഷേധിച്ചിരിക്കുകയാണ്. തിരികെ സമരപ്പന്തലിലെത്തി നിരാഹാര സത്യഗ്രഹം തുടരാന്‍ തന്നെയാണ് ഗോമതിയുടെ തീരുമാനം.

 

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker