തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ടൂറിസം വ്യവസായം വീണ്ടും പ്രതിസന്ധിയില്‍. പ്രധാനപ്പെട്ട ടൂറിസം സെന്ററുകളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. കുമളി, തേക്കടി, മൂന്നാര്‍, ആതിരപ്പിള്ളി, വാഗമണ്‍ മേഖലകളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു.
ആതിരപ്പിള്ളി അടച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ ടൂറിസം മേഖല പൂര്‍ണമായി തകര്‍ന്നിരുന്നു.
ഒട്ടേറെ ജീവനകാര്ക്കു ജോലിയില്ലാതായി. ഇതിനുസമാനമായ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അന്യസംസ്ഥാന സഞ്ചാരികളാണ് ടൂറിസം മേഖലയെ പിടിച്ചു നിറുത്തിയിരുന്നത്. എന്നാല്‍ അതിര്‍ത്തികളില്‍ ഇ പാസ് നിര്‍ബന്ധമാക്കിയതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിട്ടുണ്ട്.
കുമരകം, ആലപ്പുഴ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഹൗസ് ബോട്ട് ടൂറിസം വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. ബോട്ടുകളും റിസോര്‍ട്ടുകളും ബുക്കു ചെയ്തിരുന്നവര്‍ ഇതു റദ്ദാക്കിയിട്ടുണ്ട്.
പാക്കേജ് ട്രിപ്പുകളും നിലവില്‍ ഇല്ല. ടൂറിസത്തിന്റെ തകര്‍ച്ച നേരിട്ടും അല്ലാതെയും ബാധിക്കുന്നതു ആയിരക്കണക്കിനു ആളുകളെയാണ്. റിസോര്‍ട്ടുകള്‍ മുതല്‍ ഹോംസ്റ്റേകളില്‍ വരെ ആളില്ലാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ വര്‍ഷം കൊറോണ പടര്‍ന്നു പിടിച്ച സമയത്ത് നിരവധി ഹോംസ്റ്റേകളാണ് അടച്ചു പൂട്ടിയത്. പിന്നീട് കൊറോണ ഭീതിമാറി സഞ്ചാരികളുടെ വരവ് കൂടിയതോടെ ടൂറിസം മേഖല ഉണര്‍ന്നു തുടങ്ങിയിരുന്നു. ഈ സമയത്താണ് വീണ്ടും തിരിച്ചടിയായി രണ്ടാം വ്യാപനം.