BREAKING NEWSKERALA

വീണ്ടും ഭേദഗതി; ചെറുവീടുകള്‍ക്ക് മഴവെള്ളസംഭരണി വേണ്ടാ, ആയിരം കോഴിക്കും 20 പശുവിനും 50 ആടിനും ലൈസന്‍സ് വേണ്ട

തിരുവനന്തപുരം: ചെറുവീടുകള്‍ക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി കെട്ടിടനിര്‍മാണച്ചട്ടം ഭേദഗതിചെയ്തു. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റില്‍ താഴെയുള്ള വസ്തുവില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കും 300 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട. 2019ലെ കെട്ടിട നിര്‍മാണച്ചട്ട ഭേദഗതിക്കെതിരേ വ്യാപക പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഭേദഗതി.
1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളര്‍ത്തുന്ന ഫാമുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ‘സുഭിക്ഷ’ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നല്‍കിയത്. കെട്ടിടനിര്‍മാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999ലെ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നല്‍കി കെട്ടിടം നിര്‍മിക്കാം.
വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകള്‍ക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വ്യവസായസ്ഥാപനങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയില്‍ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റര്‍വരെ അഞ്ചുമീറ്ററും അതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയില്‍ റോഡ് മതിയാകും.
18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് എട്ടുമീറ്റര്‍ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റര്‍ വീതിയില്‍ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റര്‍ വീതിയില്‍ റോഡ് മതിയാകും.
10 മീറ്റര്‍ വീതിയില്‍ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. ബില്‍ഡ്അപ് ഏരിയയുടെ അടിസ്ഥാനത്തില്‍ ഫ്‌ളോര്‍ ഏരിയ കണക്കാക്കിയിരുന്നതും പിന്‍വലിച്ചു.
കെട്ടിടനിര്‍മാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമായതായി പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് 2019ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്. 1999ലെ പഴയ ചട്ടത്തില്‍ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് കെട്ടിടനിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന വാദം സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ടാണ് ഭേദഗതി.

Related Articles

Back to top button