BREAKING NEWSKERALALATEST

വയനാടിന്റെ താക്കോല്‍ ഇനി വിനിതകളുടെ കൈയില്‍

വയനാടിന്റെ താക്കോല്‍ ഇനി വനിതകളുടെ കൈയില്‍. ഭരണത്തിന്റെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിത ഓഫീസര്‍മാരാണ്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക എന്നിവര്‍ക്ക് ഒപ്പം ജില്ലാ പൊലീസ് മേധാവിയായി ജി പൂങ്കുഴലി കൂടിയെത്തുന്നതോടെ വയനാടിന്റെ ചരിത്രത്തിലാദ്യമായി മുഴുവന്‍ താക്കോല്‍സ്ഥാനങ്ങളിലും വനിതകളായി മാറും. മികച്ച റിക്കോഡുള്ള പൊലീസ് ഓഫീസറാണ് പൂങ്കുഴലി. വഹിച്ച പദവികളിലെല്ലാം മികവ് തെളിയിച്ച ഉദ്യോഗസ്ഥ.

അദീല അബ്ദുള്ള

വയനാട് ജില്ലാ കലക്ടറായി അദീല അബ്ദുള്ള സ്ഥാനമേറ്റിട്ട് അടുത്ത മാസം ഒരു വര്‍ഷം പൂര്‍ത്തിയാകും. എന്നാല്‍ വയനാടിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ സമയോചിതമായ തീരുമാനങ്ങളും ഇടപെടലുകളും നടത്തി ഇതിനകം തന്നെ ദേശീയശ്രദ്ധയാകര്‍ഷിച്ച കളക്ടറാണ് അദീല അബ്ദുള്ള. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ കൊവിഡ് വ്യാപനം വയനാടിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. പതിനാലോളം അതിര്‍ത്തികളുള്ള ജില്ലയില്‍ അദീലയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിര്‍ത്തികളില്‍ പരിശോധനാസംവിധാനം ഏര്‍പ്പെടുത്തുകയും, രാത്രിയില്‍ പോലും അതിര്‍ത്തികളിലടക്കം ഓടിയെത്തി കാര്യങ്ങള്‍ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യാന്‍ അദീല അബ്ദുള്ള മുന്നിലുണ്ടായിരുന്നു. വയനാട്ടില്‍ വാളാട് പോലുള്ള ലാര്‍ജ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സമയത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചും, പരിശോധനകള്‍ വര്‍ധിപ്പിച്ചും കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ ഈ ഭരണ പാടവത്തിന് സാധിച്ചു. വയനാടിന്റെ ആദിവാസി, കര്‍ഷകമേഖലകളിലും ജില്ലാഭരണകൂടത്തിന്റെ ഇടപെടലുകലുണ്ടായി. വര്‍ഷങ്ങളായി കെട്ടികിടന്ന പരാതികള്‍ അദാലത്തുകള്‍ നടത്തി തീര്‍പ്പാക്കി. ഇതിനുമെല്ലാമപ്പുറം പ്രവര്‍ത്തനമികവിന് രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌ക്കാരപട്ടികയില്‍ അവസാന നാലിലെത്താനും അദീല അബ്ദുള്ള ഭരണമികവിന് സാധിച്ചു. വയനാടിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി ഇടപെട്ടുകൊണ്ട് മുന്നോട്ടുപോകുകയാണ് അദീല അബ്ദുള്ളയെന്ന ജില്ലാകളക്ടര്‍. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ 34കാരിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ലാകളക്ടറായി ചുമതലയേല്‍ക്കുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.

കെ.ബി നസീമ

രണ്ടരവര്‍ഷം മുമ്പാണ് യു ഡി എഫില്‍ മുന്‍കൂട്ടി നിശ്ചയിച്ച ധാരണപ്രകാരം കെ ബി നസീമ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. പദ്ധതി നിര്‍വഹണത്തില്‍ നിരവധി തവണ സംസ്ഥാനതലത്തില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ജില്ലാപഞ്ചായത്തായി ഇക്കാലയളവില്‍ വയനാട് മാറി. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനും, പ്രത്യേക വിഭാഗത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നതുമായിരുന്നു നസീമയുടെ നേട്ടം. വയനാടിന്റെ ചരിത്രത്തില്‍ പൊന്‍ലിപികളാല്‍ എഴുതിവെക്കാവുന്ന പദ്ധതിയായിരുന്നു ജീവനം. കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനായി സാമ്പത്തികസഹായം നല്‍കുന്ന ഈ പദ്ധതി നസീമയുടെ പ്രത്യേക താല്‍പര്യത്തില്‍ നിന്നും രൂപം കൊണ്ടതായിരുന്നു. പൊതുജനങ്ങളില്‍ നിന്നുള്ള സഹായവും കൂടിയായപ്പോള്‍ പദ്ധതി വിജയം കാണുകയും ചെയ്തു. കര്‍ഷക, ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്ടില്‍ അവരുടെ ക്ഷേമത്തിനായും നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ നസീമയുടെ നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്തിന് സാധിച്ചു. മുസ്‌ലീംലീഗ് പ്രതിനിധിയായ കെ.ബി നസീമ പടിഞ്ഞാറത്തറ പടിഞ്ഞാറത്തറ സ്വദേശിയാണ്.

ഡോ.ആര്‍.രേണുക

ആരോഗ്യമേഖല ഉണര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വയനാടിനെ കൊവിഡിന്റെ അതിവ്യാപനത്തില്‍ നിന്നും പിടിച്ചുനിര്‍ത്താന്‍ മുന്നില്‍ നിന്ന് നയിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുകയാണ്. പല ജില്ലകളിലും ആയിരവും, അഞ്ഞൂറും രോഗികളുടെ എണ്ണം കടക്കുമ്പോഴും ഇതുവരെ ഒരു ദിവസം പോലും രോഗികളുടെയെണ്ണം 200 കടക്കാതെ പിടിച്ചുനിര്‍ത്താന്‍ രേണുകയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് രോഗികളുള്ള ജില്ലയായി വയനാട് മാറാനുള്ള കാരണവും ആരോഗ്യരംഗത്തെ ആര്‍ജവത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. വയനാടിനെ സംബന്ധിച്ച് നിരവധി പ്രതിസന്ധികള്‍ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ മികച്ച ആശുപത്രിയായി പറയാന്‍ സാധിക്കുന്നത് മാനന്തവാടി ജില്ലാ ആശുപത്രി മാത്രമാണ്. കൊവിഡ് ചികിത്സക്കായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നതും ഈ ആശുപത്രി തന്നെയാണ്. പരിമിത സാഹചര്യങ്ങളുള്ള വയനാട്ടില്‍ കൊവിഡ് പോലുള്ള മഹാമാരിയെ അതിജീവിക്കാന്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് രേണുകയായിരുന്നു. കൊവിഡ് വ്യാപനത്തിനൊപ്പം എലിപ്പനിയും കുരങ്ങുപനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ അതിനെയെല്ലാം ചിട്ടയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്ക്കരണത്തിലൂടെയും നിയന്തണവിധേയമാക്കാന്‍ രേണുകയുടെ നേതൃത്വത്തിലുള്ള ആരോഗ്യമേഖലക്ക് സാധിച്ചുവെന്ന് നിസംശയം പറയാം. നാല് കരുത്തുറ്റ വനിതകള്‍ വയനാടിന്റെ താക്കോല്‍സ്ഥാനം കൈയ്യാളുമ്പോള്‍ വയനാടിന്റെ ചരിത്രവും അവര്‍ക്ക് മുമ്പില്‍ വഴിമാറുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker