BREAKING NEWSKERALALATESTNEWS

വടക്കന്‍ ജില്ലകളിലും കനത്തമഴ, ഉരുള്‍പൊട്ടല്‍

കോഴിക്കോട്: വടക്കന്‍മേഖലയില്‍ രാത്രി പെയ്ത മഴ വിതച്ചത് വന്‍നാശം. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. രണ്ടിടത്താണ് ഇന്നലെ രാത്രി മാത്രം ഉരുള്‍പൊട്ടിയത്. പാന വനത്തില്‍ ഇന്നലെ വൈകിട്ട് ഉരുള്‍പൊട്ടി വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. ആളപായമില്ല. കുറ്റ്യാടി, വാണിമേല്‍ പുഴകളില്‍ ഇതോടെ ജലനിരപ്പ് ഉയര്‍ന്നു. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
കോടഞ്ചേരി ചാലിപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലാണ് രാത്രി ഉണ്ടായത്. വനത്തില്‍ ഉരുള്‍പൊട്ടിയതാവാം മലവെള്ളപ്പാച്ചില്‍ ശക്തമാകാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. ആളപായമില്ല. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്ക് മുകളിലൂടെ വെള്ളം കയറിയിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുട്ടികളടക്കം 80 പേര്‍ ക്യാമ്പിലുണ്ട്. ചാലിപ്പുഴ കരകവിഞ്ഞ സാഹചര്യത്തില്‍ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് ഉടന്‍ മാറ്റും.
ഇരുവഞ്ഞിപ്പുഴ, ചാലിയാര്‍ എന്നിവയില്‍ ഇന്നലത്തേത് പോലെത്തന്നെ ഇന്നും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളം കയറിയ അവസ്ഥയിലാണ്. കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍, മാവൂര്‍, വിലങ്ങാട്, കുറ്റ്യാടി, വളയം പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയുമാണ് പ്രധാനമായും കാലവര്‍ഷക്കെടുതിയുടെ ഭീഷണി നേരിടുന്നത്.
ഇതിനിടെ, കോഴിക്കോട് ഒളവണ്ണ കൊടിനാട്ട് മുക്കില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. കുന്നത്തൊടി ശാരദ (82) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.
മലപ്പുറത്ത് കഴിഞ്ഞ രണ്ട് പ്രളയകാലം വലിയ നാശം വിതച്ച നിലമ്പൂര്‍ മേഖലയില്‍ കനത്ത മഴയാണ് ഇപ്പോഴും പെയ്യുന്നത്. നിലമ്പൂര്‍ ജനതപ്പടിയിലെ റോഡിലേക്ക് ചാലിയാര്‍ പുഴയില്‍ നിന്ന് വെള്ളം ഇരച്ചുകയറുകയാണ്. നിലമ്പൂര്‍ ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാനപാതയിലേക്കാണ് വെള്ളം കയറുന്നത്. ഇന്നലെയും സമാനമായ രീതിയില്‍ വെള്ളം കയറി ഈ പാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. നിറയെ വ്യാപാരസ്ഥാപനങ്ങള്‍ ഉള്ള പ്രദേശമാണ് ജനതപ്പടി.
മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ, ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. കരിമ്പുഴ നിറഞ്ഞുകവിഞ്ഞതോടെ, കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയില്‍ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.
കനത്ത മഴയില്‍ മലപ്പുറം ഒതായിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. പള്ളിപ്പറമ്പന്‍ നൗഷാദിന്റെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ആളപായമില്ല. നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്. ഇതോടെ മേഖലയില്‍ ആകെ ആറ് ക്യാമ്പുകളായി. 74 കുടുംബങ്ങളിലെ 366 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ കരുവാരക്കുണ്ട് ആര്‍ത്തല കോളനിയിലെ അഞ്ചു കുടുംബങ്ങളെ കരുവാരക്കുണ്ട് ഗവ. സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
സാഹചര്യം നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധി എംപി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വയനാട് വാളാട് കോറോം കരിമ്പില്‍ മേഖലയില്‍ കബനീ നദി കര കവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. വീടുകളും പഴശ്ശി ഫാമും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇവിടെ ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവരം. മാനന്തവാടി നിരവില്‍ പുഴയില്‍ റോഡില്‍ വെള്ളം കയറി കുറ്റ്യാടി വയനാട് പാതയില്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഇന്നലെ വരെ 1500ഓളം പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. പടിഞ്ഞാറത്തറയില്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker