മാനന്തവാടി: തൊണ്ടര്‍നാട്ടില്‍ റിസോര്‍ട്ട്, ഭൂമാഫിയ, പോലീസ്, സി.പി.എം. കൂട്ടുകെട്ടില്‍ കര്‍ഷകനെ കള്ള കേസില്‍ കുടുക്കി ജയിലിലടച്ചതായി പരാതി. കോറോത്ത് ഷിനോജ് ജോര്‍ജ് വടക്കെ ഓരത്ത് എന്ന കര്ഷകന് 40 വര്‍ഷത്തോളം കൈവശം വച്ചിരിക്കുന്ന റോഡ് കോഴിക്കോട് സ്വദേശി രഞ്ജിത്ത് എന്നയാള്‍ക്കു വണ്ടി സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തില്‍ പോലീസ് സഹായത്താല്‍ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇത് ചോദ്യം ചെയ്ത ഷിനോജിനേയും 6 വയസുള്ള മകളെയും പ്രായമായ അമ്മയെയും രഞ്ജിത്ത് തന്റെ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ മനപ്പൂര്‍വം ശ്രമിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് മൂവരും രക്ഷപെട്ടത്. എന്നാല്‍ രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഷിനോജ് മനപ്പൂര്‍വ്വം ശ്രമിച്ചു എന്ന കള്ളക്കേസ് എടുത്ത് ഷിനോജിനെ ജയിലിലാക്കുകയാണ് പോലീസ് ചെയ്തത്. ഇത് സമാധാനപരമായ രീതിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന കര്‍ഷകരുടെ മേല്‍ ഭൂമാഫിയയുടെ കൈ കടത്തലാണ് ഇത് ഒരു തരത്തിലും അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍. എ. പറഞ്ഞു. . കേസുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച് കുറ്റക്കാരായ പോലീസ്,സി.പി.എം, രഞ്ജിത്ത് എന്നിവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്, മണ്ഡലം പ്രസിഡണ്ട് എസ്.എം. പ്രമോദ് മാസ്റ്റര്‍, പടയന്‍ അബ്ദുള്ള, വാര്‍ഡ് മെമ്പര്‍മാരായ എ.കെ. മൈമൂന , ഏലിയാമ്മ എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയ ശേഷമാണ് രഞ്ജിത്തിനെതിരെ കേസ് എടുക്കാന്‍ പോലീസ് തയ്യാറായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. .