ലഖ്നൗ: പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും മതംമാറ്റുന്നത് കുറ്റകരമാണെന്ന ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. ലൗ ജിഹാദ് തടയാനെന്ന പേരിലാണ് ഓര്‍ഡിനന്‍സ കൊണ്ടു വന്നിട്ടുള്ളത്.നിയമംലംഘിച്ചാല്‍ അഞ്ചുവര്‍ഷംവരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.അതേസമയം, ലൗജിഹാദ് ആരോപണങ്ങള്‍ തള്ളി, മിശ്രവിവാഹിതര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് അലഹബാദ് ഹൈക്കോടതി ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ്. വ്യത്യസ്ത മതത്തില്‍പെട്ട പ്രിയങ്കയുടെയും സലാമത്തിന്റെയും വിവാഹം റദ്ദാക്കണമെന്ന യു.പി സര്ക്കാരിന്റേതുള്പ്പെടേയുള്ള ആവശ്യം തള്ളിയാണ് വിധി.
ലൗജിഹാദ് തടയാനെന്ന പേരില്‍ മിശ്രവിവാഹങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കാന്‍ യു.പിയുള്പ്പെടേയുള്ള സംസ്ഥാനങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.പ്രിയങ്കയെയും സലാമത്തിനെയും ഹിന്ദുവും മുസ്ലിമുമായല്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളായാണ് കാണുന്നത്. ഒരു വ്യക്തിക്ക് ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ ബാധ്യതയുണ്ടെന്നും നിര്‍ണായക വിധിയയില് ജസ്റ്റിസുമാരായ പങ്കജ് നഖ്വിയും വിവേക് അഗര്‍വാളും വ്യക്തമാക്കി.