LATESTNATIONAL

വീട്ടുകാരുടെ സമ്മതമുണ്ടായിട്ടും രണ്ടു മതത്തില്‍പെട്ടവരുടെ വിവാഹം പൊലീസ് തടഞ്ഞു; നടപടി ഹിന്ദുമഹാസഭയുടെ പരാതിയില്‍

ലക്‌നൗ: വീട്ടുകാരുടെ സമ്മതമുണ്ടായിട്ടും രണ്ടു മതത്തില്‍പ്പെട്ടവരുടെ വിവാഹം പൊലീസ് ഇടപെട്ടു തടഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബുധനാഴ്ച രാത്രി വിവാഹേതര ചടങ്ങ് നടക്കുന്നതിനിടെയാണ് പൊലീസ് ഇടപെട്ടത്. റൈന ഗുപ്ത എന്ന ഇരുപത്തിരണ്ടുകാരി ബാല്യം മുതല്‍ അറിയുന്ന മുഹമ്മദ് ആസിഫ് എന്ന ഇരുപത്തിനാലുകാരനെയാണ് വിവാഹം കഴിക്കാനിരുന്നത്. ഇരു കുടുംബംഗങ്ങളും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. രണ്ടു കുടുംബങ്ങളിലേയും അംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് വിവാഹം ആഘോഷമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന നിമിഷത്തിലേക്കു കടക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു. ഹിന്ദു മഹാസഭയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ലഖ്‌നൗവിലെ പാരാ പ്രദേശത്തെ ദുഡാ കോളനിയിലാണ് ഒരു ഹിന്ദു യുവതി മുസ്ലീം യുവാവുമായുള്ള വിവാഹം നടത്താനിരുന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങിനിടെയാണ് പൊലീസ് എത്തിയത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള നടപടികള്‍ പാലിക്കാന്‍ പോലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചടങ്ങ് മാറ്റിവയ്ക്കാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു. നിര്‍ബന്ധിതവും സത്യസന്ധമല്ലാത്തതുമായ മതപരിവര്‍ത്തനത്തിനെതിരായ പുതിയ ഓര്‍ഡിനന്‍സിനെക്കുറിച്ചും പൊലീസ് ദമ്പതികള്‍ക്ക് വിശദീകരിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു.
‘മിശ്ര വിവാഹം നടക്കാന്‍ പോകുന്നതിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. സംഭവസ്ഥലത്തെത്തിയപ്പോള്‍ ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തുന്നതെന്ന് മനസ്സിലായി. തുടര്‍ന്ന് പുതിയ നിയമത്തെക്കുറിച്ച് വധുവരന്‍മാരെയും ബന്ധുക്കളെയും പറഞ്ഞു മനസിലാക്കി. തുടര്‍ന്ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവഹം നടത്തണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. ഇതു പാലിച്ചു വിവാഹം നടത്താന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. അതിനായി വിവാഹം ഒരു മാസത്തേക്കു മാറ്റിവെച്ചു ‘ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (സൗത്ത്) സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു,
പ്രത്യേക വിവാഹ നിയമപ്രകാരം മതം മാറാതെ ദമ്പതികള്‍ക്ക് വിവാഹിതരാകാമെന്ന് റാവത്ത് പറഞ്ഞു, എന്നിരുന്നാലും, മതപരിവര്‍ത്തനം നടത്തണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടിനോ അഡീഷണല്‍ മജിസ്‌ട്രേറ്റിനോ 60 ദിവസമെങ്കിലും മുന്‍കൂട്ടി ഒരു സത്യവാങ്മൂലം നല്‍കേണ്ടിവരും.
മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ ശനിയാഴ്ച അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സിന് കീഴില്‍ മറ്റൊരു വ്യക്തിയെ ബലമായി പരിവര്‍ത്തനം ചെയ്തതിന് ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷം വരെ കഠിന തടവിന് ശിക്ഷിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാഹത്തിനായി സ്ത്രീയുടെ മതം മാത്രം മാറ്റുകയാണെങ്കില്‍, അത്തരം വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെടുമെന്ന് മാത്രമല്ല, മതപരിവര്‍ത്തനത്തിന് സഹായിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാമെന്നും അതില്‍ പറയുന്നു. കള്ളം, അത്യാഗ്രഹം, അല്ലെങ്കില്‍ മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗം അല്ലെങ്കില്‍ വിവാഹത്തിലേക്ക് പരിവര്‍ത്തനം എന്നിവ ജാമ്യമില്ലാ കുറ്റമാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.
അതേസമയം വിവാഹത്തിനെത്തിയ ബന്ധുക്കള്‍ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചു. നിയമം കൊണ്ടുവന്നപ്പോള്‍ ഉയര്‍ന്നുവന്ന ആശങ്കകളില്‍ ഒന്ന് സത്യമാണെന്നു വ്യക്തമായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇരുകൂട്ടരും ഒരുമിച്ചു നടത്തുന്ന വിവാഹത്തില്‍ പോലും പൊലീസ് ഇടപെടുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനു നാട്ടില്‍ ഒരു വിലയും ഇല്ലാതായെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker