BREAKINGNATIONAL

‘ലാവന്‍ഡര്‍ വിവാഹം’ കൂടുന്നു; എന്താണീ വിവാഹം

സ്വവര്‍ഗാനുരാഗികളടക്കമുള്ള മനുഷ്യര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് വീട്ടുകാരും നാട്ടുകാരും വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്നത്. എത്ര നിര്‍ബന്ധിച്ചാലും അവരുടെ മനസോ ശരീരമോ എതിര്‍ലിംഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിക്കാനോ അയാളുമായി മാനസികമായും ശാരീരികമായും അടുപ്പത്തിലിരിക്കാനോ അനുവദിക്കുന്നതാവണം എന്നില്ല. ആ സാഹചര്യത്തിലാണ് ‘ലാവന്‍ഡര്‍ മാര്യേജ്’ പ്രസക്തമാകുന്നത്.

എന്താണ് ‘ലാവന്‍ഡര്‍ വിവാഹം’

നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ ബോധ്യപ്പെടുത്താന്‍ വേണ്ടി നടത്തേണ്ടി വരുന്ന വിവാഹം എന്ന് വേണമെങ്കില്‍ പറയാം. മാത്രമല്ല, പങ്കാളികളില്‍ ഇരുവരുമോ, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കോ തങ്ങളുടെ ലൈംഗികാഭിമുഖ്യം (അത് സ്വവര്‍ഗാനുരാഗമോ എന്തുമാവാം) വീട്ടുകാരോടോ സമൂഹത്തോടെ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെങ്കിലും ഇങ്ങനെയൊരു വിവാഹം തിരഞ്ഞെടുക്കാറുണ്ട്.
എതിര്‍ലിംഗത്തില്‍പ്പെട്ടയാളുമായി വിവാഹത്തിലായിരിക്കെ തന്നെ അവരുമായി യാതൊരു തരത്തിലുള്ള പ്രണയമോ, ശാരീരികബന്ധമോ, ആ തരത്തിലുള്ള അടുപ്പമോ ഉണ്ടാകില്ല. അത് ആദ്യം തന്നെ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന ആളോട് വ്യക്തമാക്കി ഇരുവരുടെയും സമ്മതപ്രകാരം തന്നെയാണ് വിവാഹം നടക്കുക.
വിവാഹത്തിന് ശേഷവും തങ്ങളുടെ ഹോമോസെക്ഷ്വല്‍ പങ്കാളികളുമായി ഭര്‍ത്താവിന്റെയോ/ ഭാര്യയുടെയോ അറിവോടെ തന്നെ ഇവര്‍ ബന്ധം തുടരാറുമുണ്ട്. ഒരുപക്ഷേ, LGBTQ+ ആളുകളെ നമ്മുടെ സമൂഹത്തിന് പൂര്‍ണമായും അംഗീകരിക്കാനായാല്‍ ഇത്തരം ‘ലാവന്‍ഡര്‍ മാര്യേജു’കളുടെ ആവശ്യകത തന്നെ കുറയുമായിരിക്കും.
ഇതുപോലെ പരമ്പരാഗത വിവാഹങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ പലതരത്തിലും ലോകത്ത് പലയിടത്തും നടക്കാറുണ്ട്. ‘ഫ്രണ്ട്ഷിപ്പ് മാര്യേജ്’ എന്ന വാക്കും നേരത്തെ ചര്‍ച്ചയായിരുന്നു. പങ്കാളിയില്‍ നിന്നും പ്രണയമോ ലൈംഗികതയോ ആവശ്യപ്പെടാതെ പരസ്പരം വിവാഹം ചെയ്ത് ജീവിക്കുന്നതിനെയാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ജപ്പാനിലെ യുവാക്കളില്‍ ഒരുപാടുപേര്‍ ഈ ‘ഫ്രണ്ട്ഷിപ്പ് മാര്യേജു’കള്‍ തെരഞ്ഞെടുക്കുന്നുണ്ട് എന്നും നേരത്തെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button