BREAKINGNATIONAL

വിവാഹ വേദിയിലെ കൂളറിന് സമീപം ആരൊക്കെ ഇരിക്കുമെന്നതില്‍ തര്‍ക്കം; യുപിയില്‍, വധു വിവാഹത്തില്‍ നിന്നും പിന്മാറി

വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് യോജിച്ച ഒരു വിവാഹ ബന്ധം ഒത്തുവരാന്‍ ഏറെ നാളത്തെ കാത്തിരിപ്പ് ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ ഒത്തുവന്ന വിവാഹം ബന്ധം അവസാനിപ്പിക്കാന്‍ ഒരു നിമിഷം മതി. അടുത്തകാലത്തായി ഇന്ത്യയിലെമ്പാടും വിവാഹങ്ങള്‍ വിവാഹ വേദിയില്‍ വച്ച് തന്നെ അവസാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലാണെങ്കില്‍ വിവാഹ സദ്യ നടക്കുന്നിടത്തെ സംഘര്‍ഷങ്ങളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹ വേദിയിലെ സംഘര്‍ഷമാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നടന്ന ഒരു വിവാഹ ചടങ്ങിലാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവിലത്തെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിവാഹവേദിയിലെ കൂളര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹം നിര്‍ത്തിവച്ചതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിക്കന്ദര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുസ്തഫാബാദില്‍ നിന്നുള്ള വരന്‍ ഹുകുംചന്ദ്ര ജയ്സ്വാളിന്റെ വിവാഹ വേദിയിലായിരുന്നു സംഭവം. വധുവിനെ കുറിച്ച് അറിഞ്ഞതിനാല്‍ സ്ത്രീധനം വാങ്ങിക്കാതെയുള്ള വിവാഹമായിരുന്നെന്ന് വരന്‍ ഹുകുംചന്ദ്ര ജയ്സ്വാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.എന്നാല്‍, ചൂട് കൂടിയ കാലമായതിനാല്‍ വിവാഹ വേദിയില്‍ ഒരുക്കിയ കൂളറിന് സമീപം ആരൊക്കെ ഇരിക്കണമെന്നതിനെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമായപ്പോഴാണ് വധു സംഭവത്തെ കുറിച്ച് അറിയുന്നത്.

ഈ സമയം വിവാഹത്തിനായി ഒരുങ്ങുകയായിരുന്ന വധുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു, സംഭവത്തെ കുറിച്ച് അറിഞ്ഞ് സംഘര്‍ഷം നടക്കുന്ന വിവാഹ വേദിയിലെത്തിയ വധു, തനിക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു. പിന്നാലെ കൂളര്‍ പ്രശ്‌നം അവസാനിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഇതോടെ ഇരുകൂട്ടരും പരാതിയുമായി ചിത്ബരഗാവ് പോലീസ് സ്റ്റേഷനിലെത്തി. വധുവിന്റെയും വരന്റെയും കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നതായി ചിത്ബരഗാവ് പോലീസ് സ്റ്റേഷന്‍ മേധാവി പ്രശാന്ത് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സെക്ഷന്‍ 151 പ്രകാരം പൊതു സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് ഇരുവിഭാഗത്തിനും നോട്ടീസ് അയച്ചായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button