പാലക്കാട്: ഒരപൂര്‍വ്വ കല്യാണ യാത്രയാണിത്. കൊവിഡ് കാലമല്ലായിരുന്നുവെങ്കില് കാറിലോ ട്രെയിനിലോ സഞ്ചരിക്കേണ്ട യാത്ര. എന്നാല്‍ പ്രായമായ അച്ഛനും അമ്മയ്ക്കും കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് പോവാന്‍ മകന് ഹെലികോപ്ടര്‍ തന്നെ വാടകയ്ക്കെടുത്തു.
കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാളിനും ഭാര്യ സരസ്വതിയെയും കൊണ്ടുപോകാനാണ് മകന് നാരായണന് ഹെലികോപ്ടര്‍ വാടകക്കെടുത്തത്. പാലക്കാട് ഇന്ദിരാഗാന്ധി മുനിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് കുടുംബം ഹെലികോപ്ടറില്‍ പറന്നത്.
ലക്ഷ്മി നാരായണന് തൊണ്ണൂറ് വയസും ഭാര്യ സരസ്വതിയ്ക്ക് 85 ഉം പിന്നിട്ടു. കൊച്ചുമകന്റെ കല്യാണത്തിന് പോകുന്നതിനോടൊപ്പം ആദ്യമായി ആകാശ യാത്ര നടത്തിയതിന്റെ സന്തോഷവമുണ്ട് ഇരുവര്‍ക്കും. പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് എത്താന്‍ ഹെലികോപ്ടറില്‍ ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ മതി.
ബെംഗളൂരുവിലെ ചിപ്സന്‍ ഏവിയേഷന്റേതാണ് ഹെലികോപ്ടര്‍ സര്‍വ്വീസ്. ഒരു മണിക്കൂറിന് ഒരു ലക്ഷത്തിനടുത്താണ് വാടക. കൊച്ചുമകന്റെ വിവാഹത്തില്‍ പങ്കെടുത്ത് ലക്ഷ്മി നാരായണന്റെയും സരസ്വതിയുടെയും മടക്കയാത്രയും ഹെലികോപ്ടറിലാണ്.