ഇന്ത്യന്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലെ മുഖ്യ കാരണങ്ങളിലൊന്നാണ് സ്ത്രീധനം. വിവാഹ വേളയില്‍ വധുവിന്റെ കുടുംബം വരന് നല്‍കാമെന്നേറ്റ സ്ത്രീ ധനം നല്‍കാത്തതിന്റെ പേരില്‍ നിരവധി വിവാഹ ബന്ധങ്ങള്‍ വിവാഹമോചനത്തിലേക്കും ചിലത് കൊലപാതകങ്ങളിലേക്കും വരെ നീളുന്നു. പലപ്പോഴും വാര്‍ത്തകളിലെ പ്രധാന തലക്കെട്ടുകള്‍ പോലുമായി ഇവ മാറുന്നു. എന്നാല്‍ രാജസ്ഥാനില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ദന്ത രാംഗഡില്‍ നിന്നുള്ള ജയ് നാരായണ്‍ ജാഖര്‍ എന്ന വരന്‍, തനിക്ക് സ്ത്രീധനം വേണ്ടെന്നും പകരം വധുവിന് ജോലി ലഭിച്ച ശേഷം ലഭിക്കുന്ന ശമ്പളം വധുവിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു.
വരന്‍ ജയ് നാരായണ്‍ ജാഖര്‍ പബ്ലിക് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എഞ്ചിനീയറായി (ജെഇ) ജോലി ചെയ്യുകയാണ്. വധു അനിത വര്‍മ്മ ബിരുദാനന്തര ബിരുദധാരിയാണ്. ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം നേടുന്നത് സമ്പത്തിനേക്കാള്‍ ഒട്ടും കുറവല്ലെന്ന് അഭിപ്രായപ്പെട്ട ജയ്, അനിതയുടെ മാതാപിതാക്കള്‍ അവളെ ബിരുദാനന്തര ബിരുദം നേടാന്‍ സഹായിച്ചെന്നും ചൂണ്ടിക്കാട്ടി. ഒപ്പം ഇരുവരുടെയും വിവാഹ ചടങ്ങുകളും വ്യത്യസ്തമായിരുന്നു. ഒരു തേങ്ങയും ഒരു രൂപയും അനിതയ്ക്ക് നല്‍കിയാണ് ജയ് വിവാഹിതനായത്, ജയ്‌യുടെ കുടുംബമാണ് സ്ത്രീധനം വേണ്ടെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘എന്റെ മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ ദുരാചാരം അവസാനിപ്പിക്കാന്‍ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ കുടുംബാംഗങ്ങള്‍ ഈ തീരുമാനത്തില്‍ എന്നെ പൂര്‍ണ്ണമായും പിന്തുണച്ചു,’ ജയ് നാരായണ്‍ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ബിരുദാനന്തര ബിരുദം നേടിയ അനിത, ഇപ്പോള്‍ ജോലിക്കായി ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് അനിതയുടെ ശമ്പളം അവളുടെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്നും ജയ് നാരായണന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് വാക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജയ് നാരായണന് അഭിനന്ദന പ്രവാഹമാണ്. വരന്റെയും വധുവിന്റെയും തീരുമാനത്തെ ദത്ത രാംഗഡ് എംഎല്‍എ വീരേന്ദ്ര സിംഗും പ്രശംസിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധനം എന്ന ദുരാചാരം ഇല്ലാതാക്കാനുള്ള നല്ല നടപടിയാണിതെന്ന് എംഎല്‍എ വിവാഹത്തില്‍ പങ്കെടുക്കവേ പറഞ്ഞു. അതേസമയം 1860 ലെ ഐപിസി എന്നിവയുള്‍പ്പെടെ സ്ത്രീധന സമ്പ്രദായം നിരോധിക്കാന്‍ ഇന്ത്യയില്‍ നിരവധി നിയമങ്ങളുണ്ട്. 1961 ലാണ് ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം വരുന്നത്. നിരവധി എന്‍ജിഒകളും ആക്ടിവിസ്റ്റുകളും ഇന്ന് രാജ്യത്ത് സ്ത്രീധന സമ്പ്രദായത്തിന് അറുതി വരുത്താനായി തീവ്രശ്രമത്തിലാണ്.
66 1 minute read