BREAKING NEWSKERALA

വെല്‍ഫെയര്‍പാര്‍ട്ടി സി.പി.എമ്മുമായി കഴിഞ്ഞ തവണ ധാരണയുണ്ടാക്കിയത് കോടിയേരിയുമായി ചര്‍ച്ച ചെയ്ത ശേഷം

കോഴിക്കോട്: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചത് കോടിയേരിയുമായി ചര്‍ച്ച ചെയ്തതിന്റെ ഭാഗമായിട്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളെ ഇപ്പോള്‍ അധിക്ഷേപിച്ച് സംസാരിക്കുമ്പോള്‍ കേടിയേരിയുമായി ചര്‍ച്ച ചെയ്ത കാര്യം സി.പി.എമ്മിന് നിഷേധിക്കാന്‍ കഴിയില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
മുക്കം മുനിസിപ്പാലിറ്റി, മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി, പണാവള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ സി.പി.എമ്മുമായി ചേര്‍ന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഭരണം നടത്തുന്നത്. ഇത് ഭരണം നടത്തുന്നത് മാത്രം. ഇതിന് പുറമെ വിവിധ ജില്ലകളിലെ വാര്‍ഡുകള്‍ ഇങ്ങനെ സി.പി.എമ്മുമായി ചേര്‍ന്ന് വിജിയിച്ചിട്ടുണ്ട്. ഇതുതന്നെ അന്നത്തെ ധാരണയുടെ തെളിവാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്ന ഒറ്റ ലക്ഷ്യം വെച്ച് മാത്രമാണ് യു.ഡി.എഫിന് പിന്തുണ കൊടുക്കാന്‍ കാരണം. അത് ദേശീയ തിരഞ്ഞെടുപ്പ് നിലപാടിന്റെ ഭാഗമായിട്ടുണ്ടായതാണ്. മോദിക്കെതിരായുള്ള വലിയൊരു ജനവികാരം ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് സി.പി.എമ്മിനും നന്നായി അറിയാം. ഇത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോയെന്ന് അവര്‍ക്ക് ഭയമുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ പോലും പങ്കില്ലാത്ത വെല്‍ഫെയര്‍പാര്‍ട്ടിയെ വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഈ ഭയം കൊണ്ടാണെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം കൊടുത്തുള്ള നീക്ക് പോക്കുമായി തന്നെയാണ് വെല്‍ഫെയര്‍പാര്‍ട്ടി മുന്നോട്ട് പോവുന്നത്. പ്രാദേശിക നീക്ക് പോക്കുമാത്രമാണത്. അല്ലാതെ സഖ്യമില്ല. സി.പി.എമ്മിന് മുന്‍തൂക്കുമുള്ള സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ അവിടേയും പിന്തുണ നല്‍കും. അതാണ് പ്രാദേശിക നീക്ക് പോക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ പ്രസക്തിയില്ലെന്ന് കരുതി ഞങ്ങളെ എന്തിന് ഭയപ്പെടണമെന്നായിരിക്കും ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഒരു ട്രെന്‍ഡ് ക്രിയേറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട് എന്ന് കഴിഞ്ഞകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. അത് സി.പി.എമ്മിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫുമായി ധാരണയുണ്ടാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സമസ്തയുടെ യുവജന സംഘന എസ്.വൈ.എസ് യു.ഡി.എഫ് നേതൃത്വത്തേയും ലീഗിനേയും കണ്ടിരുന്നു, ഇത് ഇന്നത്തെ യു.ഡി.എഫ് യോഗവും ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. മതേതര സ്വഭാവമുള്ള ലീഗും മതവാദം ഉന്നയിക്കുന്ന ജമാത്തഇസ്ലാമിയും ഒന്നിച്ച് പോവില്ലെന്നായിരുന്നു നേതൃത്വത്തെ കണ്ട് എസ്.വൈ.എസ് അറിയിച്ചത്. എന്നാല്‍ മത സംഘടനകള്‍ക്ക് അവരുടേതായ നിലപാടുകള്‍ ഉണ്ടെന്നും അക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും ഹമീദ് വാണിയമ്പലം ചുണ്ടിക്കാട്ടി.

Related Articles

Back to top button