ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യയിലുള്‍പ്പെടെ ലോകവ്യാപകമായി കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും യു.എസ്സിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായതായി ദി സിഡ്നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.
തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുന്നു. ബ്ലാക്ക് സ്‌ക്രീന്‍ എറര്‍, സ്റ്റോപ്പ് കോഡ് എറര്‍ എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
ഫാല്‍ക്കണ്‍ സെന്‍സറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമമാണോ എന്നതിന് തെളിവില്ല.
ഇന്ത്യന്‍ വിമാനത്താവളങ്ങളിലും വിന്‍ഡോസ് കംപ്യൂട്ടറുകളിലെ പ്രശ്‌നം പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ആകാശ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ നടപടികളും, ബുക്കിങും തകരാറിലായി. ഇതേ തുടര്‍ന്ന് മാന്വല്‍ ചെക്ക് ഇന്‍ ജോലികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികള്‍.
123 1 minute read