മുംബൈ: ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച യുവതി പിടിയില്‍. മുംബൈയിലെ എല്‍ടി മാര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ഇരുചക്രവാഹനക്കാരി ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം തന്നോട് പോലീസുകാരന് മോശമായി പെരുമാറിയെന്നാണ് യുവതി പറയുന്നത്.
കല്‍ബാദേവിയിലെ സുര്‍ത്തി ഹോട്ടലിനു സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏകനാഥ് പാര്‍ട്ടെ എന്ന പോലീസുകാരനെ മര്‍ദ്ദിച്ചതിനാണ് 29കാരിയായ സന്ഗ്രിക തിവാരിയെ എല്‍ടി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
മൊഹ്സിന്‍ ശൈഖ് എന്നയാള്‍ക്കൊപ്പമാണ് സന്ഗ്രിക സ്ഥലത്തെത്തിയത്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിലെത്തിയതിനാല് പോലീസുകാരന് ഇവര്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിച്ചതോടെയാണ് വിവാദ സംഭവം അരങ്ങേറുന്നത്. തര്‍ക്കത്തിനൊടുവില്‍ യുവതി പോലീസുകാരനെ മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാരനുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന സമയത്ത് യുവതി മാസ്ക് ധരിച്ചിരുന്നില്ലെന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ഏക്നാഥ് പാര്‍ട്ടെയുടെ യൂണിഫോമില്‍ പിടിച്ചായിരുന്നു യുവതി അദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൊഹ്സിന്‍ ശൈഖ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തന്നോട് മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപകരമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഇവര്‍ പോലീസുകാരനെ തല്ലിയത്. സ്ഥലത്തെത്തിയ മറ്റ് പോലീസുകാര്‍ പാര്‍ട്ടെയെ രക്ഷിക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.