ഭോപാല്‍: സമ്മതത്തോടെയുള്ള ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടാകുമ്പോഴാണു പലപ്പോഴും സ്ത്രീകള്‍ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യുന്നതെന്ന വിവാദ പരാമര്‍ശവുമായി ഛത്തീസ്ഗഡ് വനിത കമ്മിഷന് അധ്യക്ഷ കിരണ്മയീ നായക്. വലിയൊരു ശതമാനം പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യം നിലനില്ക്കുമ്പോഴാണു പരാതിയുമായി മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് വനിതാ കമ്മിഷന് സ്വീകരിച്ചതെന്നാണു വിമര്‍ശനം.
‘വിവാഹിതനായ പുരുഷന് ഒരു പെണ്‍കുട്ടിയെ ബന്ധത്തിനു പ്രലോഭിപ്പിക്കുകയാണെങ്കില്‍, ആ പുരുഷന് കള്ളം പറയുകയാണോ, അതിജീവിക്കാന്‍ സഹായിക്കുമോ ഇല്ലയോ എന്നുള്ള കാര്യങ്ങള്‍ അവള് മനസ്സിലാക്കണം. അങ്ങനെയല്ലാത്ത കേസുകളിലാണ് ഇരുവരും, കൂടുതലും സ്ത്രീകള്‍, പൊലീസിനെ സമീപിക്കുന്നത്. മിക്ക കേസുകളിലും പെണ്‍കുട്ടികള്‍ക്കു സമ്മതത്തോടെയുള്ള ബന്ധമുണ്ടെന്നു കാണാം. ഒരുമിച്ചു ജീവിക്കുകയും വേര്‍പിരിയലിനുശേഷം ബലാത്സംഗത്തിന് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയുമാണ്’– കിരണ്മയീ പറഞ്ഞു.
സ്ത്രീകളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ടു ബിലാസ്പുരില്‍ നടന്ന പൊതു ഹിയറിങ്ങിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വനിത കമ്മിഷന് അധ്യക്ഷ. സാധ്യമായ രീതിയില്‍ പരമാവധി ഗാര്‍ഹിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണു കമ്മിഷന് ശ്രമിക്കുന്നത്. ഇതിനായി പലപ്പോഴും സ്ത്രീകളെയും പുരുഷന്മാരെയും ശകാരിക്കുകയും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. ഒരു തരത്തില്‍ കൗണ്‍സലിങ്ങാണിത്.
നിങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍, ‘സിനിമാപ്രണയം’ പോലുള്ള കെണിയില്‍ വീഴരുത് എന്നാണു അഭ്യര്‍ഥിക്കാനുള്ളത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ജീവിതകാലം മുഴുവനും നിങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാകും. 18–ാം വയസ്സില്‍ത്തന്നെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളുണ്ടെന്നത് ഇപ്പോഴത്തെ പുതിയ പ്രവണതയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം, ദമ്പതികള്‍ക്കു കുട്ടികളായാല്‍ ഇരുകൂട്ടര്‍ക്കും അതിജീവിക്കാന്‍ പ്രയാസമാണ്– അവര്‍ പറഞ്ഞു.