സൂററ്റ്: വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്വയം വെടിവച്ച് ജീവനൊടുക്കി. ഗുജറാത്ത് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എ.പി.ജോഷി (32)യാണ് സര്‍വീസ് പിസ്റ്റല്‍ ഉപയോഗിച്ച് വെടിവച്ച് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ ഫല്‍സാവാദിയിലെ പൊലീസ് കോളനിയിലെ വീട്ടിലാണ് ജോഷി ജീവനൊടുക്കിയത്. സംഭവസമയത്ത് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും 12.45നും ഇടയ്ക്കാണ് സംഭവം. വയറ്റിലേക്ക് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരിക്കുന്നതിന് കുറച്ച് സമയം മുന്‍പ് ജോഷി, പൊലീസ് ഡ്രൈവറായ ഭര്‍ത്താവ് വൈഭവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ആത്മഹത്യ. ഇത്തരമൊരു കടുംകൈ ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജോഷിയുടെ ഭര്‍ത്താവ് വൈഭവും നാലുവയസുകാരനായ മകനും മാതാപിതാക്കള്‍ക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ജോഷിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസില്‍ മിസ് യു എന്ന സന്ദേശം കണ്ട വൈഭവ്, ഭാര്യയെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ബന്ധുവിനെ വിളിച്ച് വീട്ടില്‍പ്പോയി തിരക്കി വരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തി പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
യുവതിയുടെ മുറിയില്‍ നിന്നും ഒരു ഡയറിയും പൊലീസ് കണ്ടെത്തിയിരുന്നു. ‘ജീവിക്കാനും മരിക്കാനും ബുദ്ധിമുട്ടാണ്. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്നാണ് ഡയറിയില്‍ കുറിച്ചിരുന്നത്. എന്നാല്‍ ഇത് ജോഷിയുടെ ആത്മഹത്യാക്കുറിപ്പ് ആണോയെന്ന കാര്യവും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് വിദഗ്ധരടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയുള്ളു.
വെടിയൊച്ച ആരും കേട്ടിരുന്നില്ല. കുറച്ച് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജോഷിയുടെ കുടുംബം മടങ്ങി വന്നശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാന്‍ കഴിയു’. പൊലീസ് വ്യക്തമാക്കി. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ജോഷി, ശനിയാഴ്ച രാവിലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. വളരെ മിടുക്കിയായ ഉദ്യോഗസ്ഥ എന്നാണ് സഹപ്രവര്‍ത്തകര്‍ ഇവരെക്കുറിച്ച് പറയുന്നത്.