മാഡ്രിഡ്: കൊവിഡിനെ തുടര്‍ന്ന് താറുമാറായ ആഗോള സാമ്പത്തിക രംഗം ഇനി പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം സമയമെടുക്കുമെന്ന് ലോക ബാങ്ക്. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടുന്നതോടെ എല്ലാ രാജ്യത്തും വിപണിയില്‍ പെട്ടെന്നൊരു കുതിപ്പ് കാണാനാവുമെങ്കിലും ശരിയായ അര്‍ത്ഥത്തില്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്താന്‍ സമയമെടുക്കുമെന്ന് ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് കാര്മന് റെയിന്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു.
മാഡ്രിഡില്‍ നടന്ന ഒരു ചെറുപരിപാടിയിലായിരുന്നു ഇദ്ദേഹം തന്റെ വിലയിരുത്തല്‍ വെളിപ്പെടുത്തിയത്. ചില രാജ്യങ്ങളില്‍ സാമ്പത്തിക ആഘാതം നീണ്ടുനില്‍ക്കും. ചിലയിടത്ത് പെട്ടെന്ന് സ്ഥിതി മെച്ചപ്പെടും. ലോകത്ത് കൊവിഡിന്റെ ദുരിതം പാവപ്പെട്ട രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. സമ്പന്ന രാജ്യങ്ങള്‍ താരതമ്യേന വേഗത്തില്‍ പ്രതിസന്ധി മറികടക്കുമെന്നാണ് അവര്‍ പറഞ്ഞത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി ലോകത്ത് ദാരിദ്യ നിരക്ക് ഉയരുമെന്നും കാര്മന് അഭിപ്രായപ്പെട്ടു. കൊവിഡിനെ തുടര്‍ന്ന് ലോകത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ചരക്ക് ഗതാഗതം തടസപ്പെട്ടതും രോഗവ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമാണ് വെല്ലുവിളിയായത്.