VAYANADU

പേപ്പറുകൊണ്ട് ഒരു ക്രിസ്മസ് ട്രീ, ഇതാണ് എട്ടാം ക്ലാസുകാരി എവുലിന്‍ അന്നയുടെ സ്‌പെഷ്യല്‍ ട്രീ

മാനന്തവാടി: ക്രിസ്തുമസ് ട്രീ വീട്ടില്‍ നിര്‍മ്മിച്ച് ശ്രദ്ദേയാവുകയാണ് വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എവുലിന്‍ അന്ന ഷിബു. ന്യൂസ് പേപ്പറും ഉപയോഗിച്ച പുസ്തക താളുകളും കൊണ്ടാണ് മനോഹരങ്ങളായ ട്രീ യും മറ്റ് അലങ്കാര വസ്തുക്കളും നിര്‍മ്മിക്കുന്നത് .
ലോക്ക് ഡൗണ്‍ കാലത്ത് ബോട്ടില്‍ ആര്‍ട്ട് ചെയത് തുടങ്ങിയതാണ് എവുലിന്‍ . ഉപയോഗശൂന്യമായ ബോട്ടിലുകള്‍, കയര്‍ , മുട്ട തോട് , പിസ്ത തോട് എന്നിവ കൊണ്ട് വാള്‍ ഹാങ്ങിങ്ങ് പോലുള്ളവ നിര്‍മ്മിച്ചു. പിന്നീടാണ് പേപ്പര്‍ കൊണ്ട് ക്രിസ്മസ് ട്രീ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ന്യൂസ് പേപ്പറുകളും പുസ്തക താളുകളും കളര്‍ പേപ്പറും കൊണ്ട് ഇതിനോടകം പല ഡിസൈനുകളില്‍ ട്രീ നിര്‍മ്മിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകള്‍, മറ്റ് പാഴ്‌വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വീട്ടിലേക്ക് ഈ ക്രിസ്തുമസിന് ആവശ്യമായ പല വിധ അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ചു.
പുതിയ സ്‌കൂളില്‍ ചേര്‍ന്നിട്ട് ഇതുവരെ നേരില്‍ കാണാത്ത ക്ലാസധ്യാപകനും വലിയ തോതില്‍ ആഘോഷങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടവക ദേവാലത്തിനും താന്‍ നിര്‍മ്മിച്ച ട്രീ സമ്മാനമായി നല്‍കുമെന്ന് എവുലിന്‍ പറഞ്ഞു. പിന്നെ, ക്രിസ്തുമസ് രാവില്‍ തന്നെ 85ാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ മുത്തശ്ശിക്കും എവുലിന്‍ സ്വയം നിര്‍മ്മിച്ച ക്രിസ്തുമസ് സമ്മാനം കരുതി വെച്ചിട്ടുണ്ട്. പുല്‍ക്കൂടിന് മുകളിലുള്ള നക്ഷത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ടാണ്. വെറും 40 രൂപക്ക് ആര്‍ക്കും വീട്ടില്‍ ക്രിസ്മസ് ട്രീ നിര്‍മ്മിക്കാമെന്നുള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് കണ്ട് പഠിക്കാനായി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും സഹോദരങ്ങളുടെ യൂ ടുബിലും അപ് ലോഡ് ചെയ്തിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ വീഡിയോ മത്സരത്തിലും മറ്റ് വിവിധ മത്സരങ്ങളിലും എവുലിന്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button