BREAKING NEWSKERALA

കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം ; പാര്‍ട്ടിയും മുഖ്യമന്ത്രിയും വിശദീകരണം തേടുമെന്ന് സിതാറാം യെച്ചൂരി

തിരുവനന്തപുരം: ശബരിമയില്‍ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.
‘കടകംപളളിയുടെ ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടും. സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല, കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’ സിതാറാം യെച്ചൂരി പറഞ്ഞു.
സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
ശബരിമലയില്‍ നടന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ”2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവം. എല്ലാവര്‍ക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി” കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങള്‍ നടന്നു. നേരത്തെ ഉള്ളതിനെക്കാള്‍ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തില്‍ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി മുന്‍പ് പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.
ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിന്‍വലിക്കുക. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker