ബെംഗളുരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ആശുപത്രിലേക്ക് മാറുകയാണെന്നും താന്‍ ആരോഗ്യവാനാണെന്നും യെഡിയൂരുപ്പ ട്വീറ്റില്‍ വ്യക്തമാക്കി.
‘എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഞാന്‍ സുഖമായിരിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയ്ക്ക് ആശുപത്രിയിലേക്ക് മാറുകയാണ്. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനു ശേഷം ഇന്ത്യയില്‍ കൊവിഡ്19 സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ബിഎസ് യെഡിയൂരപ്പ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അമിത് ഷാ.
അതേസമയം, കര്‍ണ്ണാടകയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തുടരുകയാണ്. 5,532 പുതിയ കൊവിഡ് കേസുകളാണ് ഞായറാഴ്ച മാത്രം കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 84 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.