BREAKING NEWSKERALA

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം; തലസ്ഥാനത്ത് തെരുവ് യുദ്ധം

തിരുവനന്തപുരം: മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങി. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. പലയിടത്തും പോലീസ് ലാത്തിവീശി. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലകളും കമ്പുകളും വലിച്ചെറിഞ്ഞു.
എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു, പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോഴിക്കോട് കെഎസ്.യു നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷമുണ്ടായി. പ്രകടനത്തിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. പോലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. റോഡില്‍ കുത്തിയിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്യാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
മന്ത്രി ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ കീച്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാപ്പിനിശ്ശേരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. കെഎസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Related Articles

Back to top button