BREAKING NEWSKERALALATEST

കത്വ കേസ് ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖി; ദീപിക സിങ് രജാവത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ്

കോഴിക്കോട്: കത്വ ഫണ്ട് തിരിമറി നടത്തിയെന്ന വിവാദത്തില്‍ അഭിഭാഷക ദീപിക സിങ് രജാവത്തിന്റെ ശബ്ദരേഖയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖി മുഖേനയാണ് ദീപിക പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ഇതിനു തെളിവായി അവര്‍ വക്കാലത്ത് ചോദിക്കുന്നതിന്റെ ശബ്ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.
ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഹാജരാക്കാന്‍ തയാറാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമാണ് ഹാജരായത്. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് അവര്‍ പിന്‍മാറി. തുടര്‍ന്നാണ് മുബീന്‍ ഫറൂഖി കേസ് ഏറ്റെടുത്തതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.
ദീപിക സിങ് രജാവത്തിന് പണം കൊടുത്തൂവെന്ന് ആരോടും പറഞ്ഞിട്ടില്ല. ദീപികയ്ക്ക് മൂബീന്‍ ഫറൂഖിയെ അറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്റെ തുക മുബീന്‍ ഫാറൂഖിയെ ഏല്‍പിച്ചത്. ദീപികയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സുബൈര്‍ പറഞ്ഞു.
‘കേസില്‍ ദീപിക രണ്ട് തവണയാണ് ഹാജരായത്. പിന്നീട് അഡ്വ. മുബീന്‍ ഫാറൂഖി ഹാജരായി. ദീപികയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. പഠാന്‍കോട്ട് കോടതിയില്‍ കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് മുബീന്‍ ഫാറൂഖിയാണെന്ന് അന്നത്തെ വാര്‍ത്തകളില്‍ കാണാം. അദ്ദേഹത്തെ അപമാനിക്കരുത്’– സുബൈര്‍ പറഞ്ഞു.
പഠാന്‍കോട്ട് കോടതിയുടെ വിധിപ്പകര്‍പ്പും സുബൈര്‍ ഹാജരാക്കി. ഇതില്‍ അഭിഭാഷകരില്‍ നാലാം പേരുകാരനാണ് മുബീന്‍ ഫാറൂഖി. യൂത്ത് ലീഗ് നേതാക്കള്‍ ഇദ്ദേഹത്തിനൊപ്പം പഠാന്‍കോട്ടിലെ കോടതി മുറ്റത്ത് മാധ്യമങ്ങളെ കാണുന്നതടക്കമുള്ള ചിത്രങ്ങളും പുറത്തുവിട്ടു.
യൂത്ത് ലീഗ് ദേശീയ ട്രഷറര്‍ ഉള്‍പ്പെടുന്നവരുടെ ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് വന്നത്. അദ്ദേഹം നിലവില്‍ അസുഖവുമായി ബന്ധപ്പെട്ട് വിശ്രമത്തിലാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടുമെന്നും സി.കെ സുബൈര്‍ പറഞ്ഞു. ദീപികയെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് രാവിലെ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് വരാന്‍ കാരണം. കേസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളില്‍ നിന്ന് പിന്മാറണമെന്നും അത് കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും സി.കെ സുബൈര്‍ ചൂണ്ടിക്കാട്ടി.
കെ.ടി ജലീലിനെ പോലുള്ളവര്‍ അനാവശ്യ വിവാദവുമായി വരുന്നത് കേസില്‍ തിരിച്ചടിയാവും. ആദ്യം ഒരു കോടി രൂപ പിരിച്ചെടുത്തുവെന്നാണ് പറഞ്ഞത്. അതിന് മറുപടി നല്‍കിയതോടെ അതില്‍നിന്ന് പിന്‍മാറി. പിന്നെ മുബീന്‍ ഫറൂഖിയെന്ന വക്കീലേ ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതോടെ ആ ആരോപണത്തില്‍ നിന്നും പിന്‍മാറി. തുടര്‍ന്നാണ് മുബീന്‍ ഫറൂഖിയെ അറിയില്ലെന്ന ദീപികയുടെ മറുപടി പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നത്. അതിനും മറുപടി നല്‍കിക്കഴിഞ്ഞു.
കത്വ കേസില്‍ ഇരയ്ക്കുവേണ്ടി ഹാജരായ ദീപിക കേസുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്ന് ഒരു ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന വെളിപ്പടുത്തലിന് യൂത്ത് ലീഗ് മറുപടി പറയണമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button