അമരാവതി: ആന്ധ്ര പ്രദേശില്‍ ഭരണ മാറ്റത്തിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ ലക്ഷ്യം വച്ച് ബുള്‍ഡോസര്‍ പ്രയോഗവുമായി ടിഡിപി സര്‍ക്കാര്‍. വൈഎസ്ആര്‍സിപിയുടെ നിര്‍മാണത്തിലുള്ള ഗുണ്ടൂരിലെ കേന്ദ്ര കമ്മിറ്റി ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. പുലര്‍ച്ചെ അഞ്ചരയോടെ ആണ് സിആര്‍ഡിഎ (കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) സംഘം ഓഫീസിലെത്തിയത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോഴാണ് നടപടി.
കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി ഇന്നലെ വൈഎസ്ആര്‍സിപി വക്താവ് അവകാശപ്പെട്ടിരുന്നു. കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചു. അതേസമയം ചട്ടം ലംഘിച്ചാണ് കെട്ടിട നിര്‍മാണമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നും സിആര്‍ഡിഎ വ്യക്തമാക്കി. 2019ല്‍ ജഗന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രജാവേദിക മന്ദിരം ഇടിച്ചുനിരത്തിയിരുന്നു. ജനങ്ങളുമായി കൂടിക്കാഴ്ചക്കു വേണ്ടി 9 കോടി രൂപ ചെലവില്‍ നിര്‍മിച്ചതായിരുന്നു പ്രജാവേദിക മന്ദിരം.
അധികാരം കിട്ടുമ്പോഴെല്ലാം പരസ്പരം പ്രതികാരം വീട്ടുന്നവരാണ് ജഗനും നായിഡുവും. ജഗന്റെ സകല പ്രതീക്ഷകളും ഞെട്ടിച്ച് നായിഡു അധികാരം പിടിച്ചതോടെ ഇനി ജഗന് വരാന്‍ പോകുന്ന അടുത്ത കുരുക്ക് റുഷിക്കോണ്ട ഹില്‍ പാലസുമായി ബന്ധപ്പെട്ടായിരിക്കും. 500 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ആന്ധ്ര പ്രദേശിലെ റുഷിക്കോണ്ട ഹില്‍ പാലസ്. അത്യാഡംബരത്തിന്റെ കാഴ്ചകള്‍ നിറയുന്ന അതിമനോഹര കൊട്ടാരം. 9.88 ഏക്കറില്‍ കടലിനഭിമുഖമായി റുഷിക്കൊണ്ട കുന്നുകള്‍ക്ക് മുകളിലാണ് ഹില്‍ പാലസ് പണിതിരിക്കുന്നത്. 40 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ശുചിമുറികള്‍. ഇങ്ങനെ നീളും റുഷിക്കോണ്ട ഹില്‍ പാലസിന്റെ വിശേഷങ്ങള്‍.
ഭരണത്തുടര്‍ച്ച നേടിയ ശേഷം വലിയ മാമാങ്കമായി ഉദ്ഘാടനം നടത്താനായിരുന്നു ജഗന്റെ പദ്ധതി. അതുവരെ ഈ കൊട്ടാരത്തിന്റെ വിശേഷങ്ങളോ ചെലവോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ടിഡിപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സംഘം കൊട്ടാരത്തിനുള്ളില്‍ കയറിയപ്പോഴാണ് അവിടെ ഒരുക്കിയ അത്യാംഡംബര കാഴ്ചകള്‍ പുറത്തുവന്നത്. തന്നെ ജയിലിലടച്ച ജഗനോട് പ്രതികാരം ചെയ്യാന്‍ റുഷിക്കോണ്ട ഹില്‍ പാലസ് നായിഡു ആയുധമാക്കുമെന്ന് ഉറപ്പാണ്.
1,096 1 minute read